01
Mar 2023
Sat
01 Mar 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊൽക്കത്ത: അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരേ കോൺഗ്രസിനെ മാറ്റിനിർത്തി ഒന്നിച്ചുനിൽക്കാൻ യു.പി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയും തമ്മിൽ ധാരണ. ഇന്നലെ കൊൽക്കത്തയിലെത്തിയാണ് അഖിലേഷ്, മമതയെ കണ്ടത്. സഖ്യവുമായി ബന്ധപ്പെട്ട് ഒഡീഷ മുഖ്യമന്ത്രിയായ ബിജു ജനതാദൾ (ബി.ജെ.ഡി) അധ്യക്ഷൻ നവീൻ പട്‌നായികിനെ മമത ഈ മാസം 23ന് കാണുന്നുണ്ട്.

തെരഞ്ഞെടുപ്പിൽ ഒന്നിച്ച് നിന്ന് പോരാടാൻ ഇരു നേതക്കളും തമ്മിൽ ധാരണയിലെത്തി. പ്രതിപക്ഷ കക്ഷികളുടെ മുഖ്യ മുഖമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്നതിന് തടയിടുകയാണ് മമത അഖിലേഷ് സഖ്യം ലക്ഷ്യമിടുന്നത്. പ്രതിപക്ഷ മുഖമായി രാഹുലിനെ ബിജെപി ബോധപൂർവം ഉയർത്തിക്കാട്ടുന്നുവെന്ന സംശയവും മമതയടക്കമുള്ളവർക്കുണ്ട്. ഈ നീക്കത്തേയും ചെറുക്കാനാണ് കോൺഗ്രസിനേയും അകറ്റിനിർത്തിയുള്ള തന്ത്രം.

വിവാദമായ ലണ്ടൻ പ്രസംഗത്തിൽ രാഹുൽ മാപ്പു പറയണമെന്ന നിലപാടിൽ ബിജെപി ഉറച്ചു നിൽക്കുകയാണ്. രാഹുലിനെ ഉപയോഗിച്ച് ബിജെപി തങ്ങളെയും ലക്ഷ്യമിടുന്നുവെന്ന തോന്നലും പ്രതിപക്ഷ കക്ഷികൾക്കുണ്ട്.

ബിജെപിയുമായും കോൺഗ്രസുമായും തുല്യം അകലം പാലിക്കുമെന്ന് അഖിലേഷ് യാദവ് കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ബംഗാളിൽ തങ്ങൾ മമതയ്ക്ക് ഒപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.