01
Mar 2023
Sun
01 Mar 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി.നരേന്ദ്രമോദി ഭീരുവും അഹങ്കാരിയുമാണെന്നും അഹങ്കാരിയായ മോദിയെ ജനങ്ങൾ തിരിച്ചറിയുമെന്നും ഇങ്ങനെ പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാൻ കഴിയുമെങ്കിൽ എടുക്കൂവെന്നും പ്രിയങ്ക വെല്ലുവിളിച്ചു. രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ അന്ത്യയാത്രയും പ്രിയങ്ക ഗാന്ധി ഓർമിച്ചു. രാഹുൽ ഗാന്ധി വിലാപ യാത്രയുടെ മുന്നിൽ നടന്നത് 32 വർഷങ്ങൾക്ക് മുൻപാണ്. ആ രക്തസാക്ഷിയായ പിതാവിനെ പല തവണ പാർലമെന്റിൽ അപമാനിച്ചു. ആ രക്തസാക്ഷിയുടെ മകനായ രാഹുലിനെ രാജ്യേ്രദാഹിയെന്ന് വിളിച്ചു. ബി.ജെ.പിയുടെ കേന്ദ്രമന്ത്രി ആ രക്തസാക്ഷിയുടെ ഭാര്യയായ സോണിയാഗാന്ധിയെ അപമാനിച്ചു. എന്നാൽ ഇവർക്ക് ആർക്കും രണ്ടു വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചിട്ടില്ല. ആരുടെയും അംഗത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കുടുംബത്തെ നിരന്തരം അപമാനിച്ചിട്ടും രാഹുൽ ഗാന്ധി പറഞ്ഞത് തനിക്ക് ആരോടും വിദ്വേഷം ഇല്ലെന്നാണ്. ഒരു മനുഷ്യനെ നിങ്ങൾ എത്രത്തോളം ഇനിയും അപമാനിക്കും?

അദാനിയെ പോലുള്ള വ്യവസായികൾ ജനങ്ങളെ ഊറ്റിയെടുക്കുകയാണ് ചെയ്യുന്നത്. മുഴുവൻ സർക്കാർ സംവിധാനങ്ങളും മന്ത്രിമാരും ഒരു അദാനിയെ സംരക്ഷിക്കാൻ എന്തിന് ഇങ്ങനെ കഷ്ടപ്പെടുന്നു? അദാനി ആരാണ്? പേര് കേൾക്കുമ്പോൾ തന്നെ എന്തിനാണ് നിങ്ങൾ പേടിക്കുന്നത്?
അദാനിയടക്കം കൊള്ള ചെയ്യുന്നത് രാഹുലിന്റെ സ്വത്തല്ല. ഈ രാജ്യത്തിന്റെ സമ്പത്താണെന്ന് മനസിലാക്കണം. അതിനെതിരെ, ഈ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പോരാട്ടം നടത്തുന്നത്. അദാനിയുടെ ഷെൽ കമ്പനികളിൽ 20,000 കോടി നിക്ഷേപിച്ചതാരാണെന്ന് വ്യക്തമാകണം. ബിജെപി ഇതെല്ലാം അദാനിക്ക് വേണ്ടിയാണ് നടത്തുന്നത്. രാഹുൽ സഭയിലുയർത്തിയ ചോദ്യങ്ങൾക്കൊന്നും ഇതുവരെയും മറുപടിയില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് രാജ്ഘട്ടിൽ കോൺഗ്രസിൻറെ സത്യാഗ്രഹം തുടരുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരിപാടിക്ക് ആദ്യം അനുമതി നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് അനുവദിക്കുകയായിരുന്നു.