നോയിഡ: വീണ്ടും മുസ്ലിം വിരുദ്ധ പ്രസംഗവുമായി തീവ്ര ഹിന്ദുത്വവാദി നേതാവ് യതി നർസിംഗാനന്ദ്. നോയിഡയിൽ നടന്ന ഹിന്ദു ജാഗൃതി സമ്മേളനത്തിലായിരുന്നു നർസിംഗാനന്ദിന്റെ വിദ്വേഷ പ്രസംഗം. അഖണ്ഡ ഹിന്ദുരാഷ്ട്രമെന്ന സ്വപ്നം അഫ്ഗാനിസ്ഥാൻ വരെ മാത്രമല്ലെന്നും അത് മക്കയിലേക്ക് എത്തുന്നതുവരെ ശക്തമായി പ്രവർത്തിക്കണെമെന്നാണ് നർസിംഗാനന്ദിൻറെ ആഹ്വാനം. ‘അഖണ്ഡ ഹിന്ദുരാഷ്ട്രമെന്നത് സവർക്കറിന്റെയും ഛത്രപതി ശിവജിയുടെയും സ്വപ്നമായിരുന്നു. ആ സ്വപനം അഫ്ഗാനിസ്ഥാൻ വരെ മാത്രമായി ചുരുക്കപ്പെടരുത്. ഹിന്ദുത്വം മക്കയിലേക്കും കഅബയിലേക്കും എത്തുന്നതുവരെ നമ്മൾ ശക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കണം’- നർസിംഗാനന്ദ് പറഞ്ഞു. മക്ക നമ്മൾ പിടിച്ചെടുക്കണമെന്നും അവിടെ മഹാദേവൻറെ ഗംഗയാണ് സംസം എന്നപേരിൽ ഒഴുകുന്നതെന്നും നർസിംഗാനന്ദ് പറഞ്ഞു.അവിടം മക്കേശ്വർ മഹാദേവന്റെതാക്കണമെന്ന് നർസിംഗാനന്ദ് ആഹ്വാനം ചെയ്തു.
|
ഹിന്ദുക്കൾക്ക് മക്ക പിടിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ ലോകത്ത് മറ്റൊരു ശക്തിക്കും ഇസ്ലാമിനെ ദുർബലമാക്കാൻ കഴിയില്ലെന്നും നർസിംഗാനന്ദ് പറഞ്ഞു. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ നോയിഡയിൽ ന്യായ് മഞ്ച് ട്രസ്റ്റ് സംഘടിപ്പിച്ച് ഹിന്ദു ജാഗൃതി സമ്മേളനത്തിലായിരുന്നു നർസിംഗാനന്ദിന്റെ വിദ്വേഷ പ്രസംഗം.
ഹിന്ദുത്വത്തെ സംരക്ഷിക്കാൻ ഹിന്ദുക്കൾ മുന്നിട്ടിറങ്ങണം. അല്ലാത്ത പക്ഷം രാജ്യത്തെ ക്ഷേത്രങ്ങളെല്ലാം തകർക്കപ്പെടും. നമ്മുടെ പെൺമക്കളുൾപ്പെടെ എല്ലാ ഹിന്ദു സ്ത്രീകളും അവരാൽ ബലാത്സംഗം ചെയ്യപ്പെടുകയോ ലൈംഗിക അടിമകളാക്കപ്പെടുകയോ ചെയ്യും. അതാണ് അവരുടെ ജീവിതത്തിലെ ഏക ലക്ഷ്യം, യതി പറഞ്ഞു.
നേരത്തെയും വിദ്വേഷ പ്രസംഗങ്ങളുമായി നർസിംഗാന്ദ് രംഗത്ത് വന്നിട്ടുണ്ട്. മുസ്ലിം മതത്തിൽ പെട്ട ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രിയായാൽ രാജ്യത്തെ അമ്പത് ശതമാനം ഹിന്ദുക്കളെ മതം മാറ്റുമെന്നും 40 ശതമാനത്തെ കൊല്ലുമെന്നും 10 ശതമാനം പേരെ നാടുകടത്തുമെന്നുമൊക്കെയുള്ള പരാമർശങ്ങളാണ് മുമ്പ് നർസിംഗാനന്ദ് നടത്തിയത്. ഇതിന്റെ പേരിൽ കേസ് നിലനിൽക്കെയാണ് വീണ്ടും മതവെറി അടങ്ങിയ പ്രസംഗം നടത്തിയത്.





