27
Apr 2023
Sat
27 Apr 2023 Sat

കൊച്ചി: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണന്റെ മലയാറ്റൂർ മല കയറ്റം പ്രഹസനമായി മാറി. ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ബിജെപി നീക്കം നടത്തുന്നതിനിടെയായിരുന്നു രാധാകൃഷ്ണന്റെ മല കയറ്റ പ്രഖ്യാപനം. വലിയ ആഘോഷത്തോടെ എത്തിയ രാധാകൃഷ്ണൻറെ മലകയറ്റം 300 മീറ്ററിനുള്ളിൽ നിർത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുഃഖ വെള്ളി ദിനത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മലയാറ്റൂർ മല കയറും എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പാർട്ടി അറിയിച്ചിരുന്നത്. രാവിലെ 6 മണിയോടെ മല കയറുമെന്ന് എ.എൻ രാധാകൃഷ്ണനും ഫേസ്ബുക്കിലൂടെ പങ്കുവച്ചു. എന്നാൽ രാധാകൃഷ്ണനും സംഘവും എത്തിയതാകട്ടെ പത്തു മണിക്ക്.

ആകെ മൂന്നു കിലോമീറ്ററോളമാണ് മലകയറ്റം. എന്നാൽ നോട്ടീസിൽ പറഞ്ഞതുപോലെയൊന്നും മല കയറാൻ രാധാകൃഷ്ണൻ നിന്നില്ല. 300 മീറ്ററോളം നടന്ന ശേഷം ഒന്നാമത്തെ കുരിശടിയിൽ എത്തിയപ്പോൾ തന്നെ രാധാകൃഷ്ണന്റെയും സംഘത്തിന്റെയും മനസുമാറി. 14 സ്ഥലങ്ങളുള്ള തീർഥാടനപാതയിൽ ഒന്നാംസ്ഥലത്തുവെച്ച് തന്നെ രാധാകൃഷ്ണൻ മലകയറ്റം അവസാനിപ്പിച്ച് തിരികെ ഇറങ്ങി. ബിജെപി ആഘോഷത്തോടെ കൊണ്ടുവന്ന മലകയറ്റ നാടകം ബിജെപി സംസ്ഥാന ഉപാധ്യഷന്റെ പ്രഹസനത്തിൽ തട്ടി പൊളിഞ്ഞെങ്കിലും കൂടെ ഉണ്ടായിരുന്ന ന്യൂനപക്ഷ മോർച്ച നേതാക്കൾ മാനം പോകാതിരിക്കാൻ മല കയറുകയായിരുന്നു.

ഇതിനുപിന്നാലെ ഫേസ്ബുക്കിൽ ‘ബിജെപി മൈനോറിറ്റി മോർച്ചയുടെ നേതൃത്വത്തിൽ ഏപ്രിൽ 7 ദുഃഖവെള്ളി ദിനത്തിൽ സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, ബൂത്ത് തല പ്രവർത്തകർ മലയാറ്റൂർ മല കയറി’ എന്ന പേരിൽ ചിത്രം പോസ്റ്റ് ചെയ്തു. ഇതിന് താഴെ രൂക്ഷമായ പരിഹാസവും എതിർപ്പുകളുമാണ് കമന്റുകളായി വരുന്നത്. മലകയറിയ ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖവും വിമർശനത്തിന് വഴിയൊരുക്കി.

‘ന്യൂനപക്ഷങ്ങൾ ബി.ജെ.പിക്കൊപ്പമാണ്. 42 ശതമാനത്തിൽ കൂടുതൽ ക്രൈസ്തവരുള്ള ഗോവ ഭരിക്കുന്നത് ഞങ്ങളാണ്. നാഗാലാൻഡ്, മിസോറം, മണിപ്പൂർ, മേഘാലയ തുടങ്ങിയ ക്രൈസ്തവ ഭൂരിപക്ഷമേഖലകളെല്ലാം ബി.ജെ.പിക്കൊപ്പമാണ്. കേരളത്തിലും മാറ്റം ഉണ്ടാകും. ഇവിടത്തെ ആത്മീയ മനസ്സുകളും വിശ്വാസമനസ്സുകളും ഒന്നിച്ചുചേരും’- മലയാറ്റൂരിൽ വെച്ച് എ.എൻ. രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടു ദിവസം പനിയുണ്ടയിരുന്നുവെന്നും അതിന്റെ ക്ഷീണമുള്ളതിനാലാണ് കുരിശുമുടിയിലേക്കുള്ള കയറ്റം ഒഴിവാക്കിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്.