ബെംഗളൂരു: കർണാടകാ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തവരിൽ ഹിജാബ് വിവാദം കത്തിപ്പടരാൻ ബിജെപിയെ സഹായിച്ച എംഎൽഎയും. ഉഡുപ്പി എംഎൽഎ രഘുപതി ഭട്ടിനാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നൽകാതിരുന്നത്. രഘുപതി ഭട്ട് നയിച്ച ഹിജാബ് വിരുദ്ധ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന അനുയായി യശ്പാൽ സുവർണയ്ക്കാണ് ഇത്തവണ ഉഡുപ്പിയിൽ ബിജെപി മത്സരിക്കാൻ അവസരം നൽകിയത്. നിയമസഭയിലേക്കുള്ള യശ്പാലിന്റെ ആദ്യ അങ്കമാണിത്.
|
ഇതോടെ, ബിജെപി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രഘുപതി ഭട്ട് രംഗത്തെത്തി. ഉഡുപ്പിയിൽ വീണ്ടും മത്സരിക്കാൻ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നതായും എന്നാൽ ഒരു പഞ്ചായത്ത് അംഗമാകാൻ പോലും അർഹത ഇല്ലാത്തവനാകാം താനെന്നും ഭട്ട് പ്രതികരിച്ചു. പാർട്ടി തനിക്ക് എല്ലാം തന്നു. എന്നാൽ ടിക്കറ്റ് ഇല്ലെന്ന കാര്യം ആരും വിളിച്ചു പറഞ്ഞില്ല. സമാധാനിപ്പിക്കാൻ പോലും ഒരു നേതാവും വിളിച്ചില്ല. പുലർച്ചെ മൂന്നു വരെ അണികളുടെ ഫോൺകോളുകൾക്ക് മറുപടി പറഞ്ഞു മടുത്തു. നേതാക്കൾക്ക് എന്റെ ആവശ്യം കഴിഞ്ഞുകാണും- രഘുപതി ഭട്ട് പറഞ്ഞു.
യശ്പാൽ സുവർണ പോലും തന്നെ വിളിച്ച് ആശ്വസിപ്പിച്ചില്ലെന്ന് രഘുപതി ഭട്ട് പറഞ്ഞു. ബിജെപിയുടെ ഉരുക്കുകോട്ടയായ തീരദേശ കർണാടക മേഖലയിൽ ഹിന്ദുത്വ അജണ്ടയുടെ ഏറ്റവും വലിയ പരീക്ഷണ ശാലയാണ് ഉഡുപ്പി. ഉഡുപ്പിയിലെ കുന്താപുര സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളജിലായിരുന്നു ഹിജാബ് വിവാദം തലപൊക്കിയത്. ശിരോവസ്ത്രം അണിഞ്ഞെത്തിയ 12 മുസ്ലിം വിദ്യാർഥിനികളെ സ്കൂൾ അധികൃതർ ക്ലാസിന് പുറത്താക്കിയതാണ് വിവാദത്തിന്റെ തുടക്കം.
ഹിജാബ് ധരിച്ച് വിദ്യാർഥിനികളെ ക്ലാസിൽ കയറ്റിയാൽ കാവി ഷാൾ ധരിച്ച് ഹിന്ദു വിദ്യാർഥികൾ കോളജിൽ എത്തുമെന്നായിരുന്നു അന്ന് രഘുപതി ഭട്ട് അടക്കമുള്ള നേതാക്കളുടെ വെല്ലുവിളി. രഘുപതി ഭട്ട് അടക്കമുള്ളവരുടെ ആഹ്വാന പ്രകാരം എബിവിപി പ്രവർത്തകർ കാവി ഷാൾ ധരിച്ചെത്തുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തു.
കർണാടകയിൽ വിവിധ ജില്ലകളിൽ സമാന രീതിയിൽ സമരങ്ങളുണ്ടായതോടെ താൽക്കാലികമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇതിനിടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് പാടില്ലെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കുകയും ഇത് കർണാടക ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഹിജാബ് ഇസ്ലാം മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് പറഞ്ഞായിരുന്നു കോടതി നടപടി.
വിധിക്കെതിരെ വിദ്യാർഥിനികൾ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും അവിടെ നിന്ന് ഭിന്നവിധിയാണ് ഉണ്ടായത്. കോടതി വിധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കർശനമായി നടപ്പായതോടെ നിരവധി മുസ്ലിം വിദ്യാർഥിനികൾ സർക്കാർ സ്കൂളുകൾ ഉപേക്ഷിച്ചു. പണമുള്ളവർ മത ന്യൂനപക്ഷങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയപ്പോൾ ദരിദ്രരായ നിരവധി മുസ്ലിം പെൺകുട്ടികൾ വിദ്യാഭാസം തന്നെ പാതി വഴിയിൽ ഉപേക്ഷിക്കുന്ന അവസ്ഥയുണ്ടായി.





