ദോഹ: ഇസ്ലാമിക രാജ്യങ്ങളിലെ ആരാധനാ സ്വാതന്ത്ര്യത്തെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടെന്ന്എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി. ഗൾഫ് രാജ്യങ്ങളിൽ ക്രൈസ്തവ സഭയ്ക്ക് സുരക്ഷിതത്വവും ആരാധനാ സ്വാതന്ത്ര്യവുമുണ്ടെന്നും എല്ലാ സ്ഥലങ്ങളിലും ഭരണാധികാരികളോട് സഹകരിച്ചു പ്രവർത്തിക്കുന്ന ശൈലിയാണ് സഭയ്ക്കുള്ളതെന്നും വിശദീകരണക്കുറിപ്പിൽ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
|
നരേന്ദ്രമോദി മികച്ച നേതാവാണെന്നും ബിജെപി ഭരണത്തിന് കീഴിൽ ക്രൈസ്തവർ സുരക്ഷിതരാണെന്നുമുള്ള ആലഞ്ചേരിയുടെ അഭിമുഖത്തിൽ, ഇസ്ലാമിക രാജ്യങ്ങളിൽ ഇതരസമൂഹങ്ങളെ അടിച്ചമർത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെതിരേ ഗൾഫ് നാടുകളിലെ മലയാളി സമൂത്തിനുള്ളിൽ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലായിരുന്നു ആലഞ്ചേരി ക്ഷമാപണവുമായി രംഗത്തുവത്.
ബി.ജെ.പി സർക്കാർ ഇന്ത്യയിൽ സമ്പൂർണ ആധിപത്യം നേടുന്നതോടെ ന്യൂനപക്ഷങ്ങൾക്ക് രക്ഷയുണ്ടാകില്ലെന്ന ചിന്ത ഏതടിസ്ഥാനത്തിലാണ് ചിലർ പങ്കുവെക്കുന്നതെന്ന് അറിയില്ലെന്നും ക്രൈസ്തവ സമൂഹത്തിന് ഇത്തരം ഭീതിയുടെ ആവശ്യമേയില്ലെന്നും വ്യക്തമാക്കിയ ശേഷം മുസ്ലിംകളിൽ ചിലർക്ക് അത്തരത്തിൽ ഭീതിയുണ്ടാകാൻ കാരണം ഇസ്ലാമിക രാജ്യങ്ങളിൽ ഇതര സമൂഹങ്ങളെ അടിച്ചമർത്തുന്നത് അവർക്കറിയുന്നത് കൊണ്ടായിരിക്കുമെന്നുമായിരുന്നു ആലഞ്ചേരി, കഴിഞ്ഞയാഴ്ച ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
മുസ്ലിം രാജ്യങ്ങളിലെ ആരാധനാ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഉദ്ദേശിക്കാത്ത രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് നിർഭാഗ്യകരമാണെന്നും ഗൾഫ് രാജ്യങ്ങളിൽ പലയിടങ്ങളിലും സഞ്ചരിച്ച ആളെന്ന നിലയിൽ അവിടുത്തെ അധികാരികൾ ക്രിസ്തീയ സഭക്ക് നൽകുന്ന പിന്തുണയും സുരക്ഷിതത്വവും ആരാധനാ സൗകര്യങ്ങളും പലവട്ടം അനുഭവിച്ചിട്ടുണ്ടെന്നും കർദിനാൾ ആലഞ്ചേരി പറയുന്നു.
യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലെല്ലാം നിലനിൽക്കുന്ന സാഹോദര്യത്തിന്റെ അന്തരീക്ഷം എടുത്തു പറയേണ്ടതാണ്. വർഷങ്ങൾക്ക് മുമ്പേയുള്ള സ്ഥിതിയിൽ നിന്ന് വലിയ മാറ്റമാണ് സൗദി അടക്കമുള്ള രാജ്യങ്ങളിൽ ഇപ്പോൾ പ്രകടമാകുന്നത്. എല്ലാ സ്ഥലങ്ങളിലും ഭരണാധികാരികളോട് സഹകരിച്ച് പ്രവർത്തിക്കുന്ന ശൈലിയാണ് ക്രൈസ്തവ സഭകൾക്കുള്ളതെന്നും അത് തുടരുമെന്നും കർദിനാൾ കൂട്ടിച്ചേർത്തു.





