സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നല്കിയ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. സൂറത്ത് സി.ജെ.എം കോടതി വിധി റദ്ദാക്കണമെന്നും അപ്പീലില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ അപ്പീല്‍ നല്‍കിയിരുന്നത്. അപ്പീലില്‍ വാദം കേട്ട കോടതി ഇന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു. ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്താണ് പരാതി നല്‍കിയതെന്നും ഒരു കാരണവശാലും ഒരു സമുദായത്തെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നുമായിരുന്നു രാഹുല്‍ കോടതിയെ ബോധിപ്പിച്ചത്.
|
എല്ലാ കള്ളന്മാര്ക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി എം.എല്‍.എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്. രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവ് വിധിക്കുകയും ചെയ്തു.വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റാദ്ദാക്കിയിരുന്നു. അപ്പീല്‍ തള്ളിയതോടെ എം.പി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. ഇനി രാഹുലിന് ഹൈകോടതിയെ സമീപിക്കേണ്ടിവരും.





