മുംബൈ: എൻസിപി അദ്ധ്യക്ഷസ്ഥാനത്ത് ശരദ് പവാർ തന്നെ തുടരും. പദവി ഒഴിയുന്നതായി അറിയിച്ചുള്ള ശരദ് പവാറിന്റെ രാജിക്കത്ത് കോർ കമ്മിറ്റി തള്ളി. ശരദ് പവാർ രാജി കത്ത് പിൻവലിക്കണമെന്നും വരും വർഷങ്ങളിലും അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും യോഗത്തിൽ പ്രമേയം പാസാക്കി.
|
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ശരദ് പവാർ നിശ്ചയിച്ച 18 അംഗങ്ങൾ അടങ്ങിയ കോർ കമ്മിറ്റി യോഗമാണ് പവാറിന്റെ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. പവാറിന്റെ രാജി നിരസിക്കാനും നേതൃസ്ഥാനത്ത് അദ്ദേഹം തുടരണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്ന പ്രമേയം പ്രഫുൽ പട്ടേലാണ് യോഗത്തിൽ അവതരിപ്പിച്ചത്. യോഗത്തിൽ സംബന്ധിച്ച പവാർ ഇതിനോട് പ്രതികരിച്ചിട്ടില്ല. എൻസിപിയുടെ നിർണായക നേതൃയോഗം ചേരാനിരിക്കെ, മുംബൈയിലെ പാർട്ടി ഓഫീസിന് മുന്നിൽ പവാർ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി പ്രവർത്തകർ ഒത്തുകൂടുകയും, പവാറിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലേ എൻസിപി ദേശീയ അദ്ധ്യക്ഷ ചുമതല ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും സുപ്രിയക്ക് ലഭിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പിന്തുണ അറിയിച്ച് സുപ്രിയ സുലേയുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ച് ശരദ് പവാർ ചുമതലയിൽ തുടരട്ടെയെന്നാണ് കോർ കമ്മിറ്റി തീരുമാനം. തന്റെ ആത്മകഥാ പ്രകാശനത്തിനിടെ അപ്രതീക്ഷിതമായിരുന്നു പവാറിന്റെ രാജി പ്രഖ്യാപനം. എന്നാൽ പവാറിന്റേത് അന്തിമ തീരുമാനമല്ലെന്ന് അന്ന് തന്നെ അനന്തരവൻ കൂടിയായി അജിത് പവാർ പ്രതികരിച്ചിരുന്നു. അജിത് പവാറും ശരദ് പവാറിന്റെ മകൾ സുപ്രിയ സുലേയും വൈകിട്ട് ശരദ് പവാറിനെ വസതിയിലെത്തി സന്ദർശിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.





