ഇംഫാൽ: സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥനെ വീട്ടിൽ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു. ഇംഫാലിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ റവന്യൂ സർവീസ് (ഐ.ആർ.എസ്) അസോസിയേഷൻ അറിയിച്ചു. അസോസിയേഷൻ ഈ കൊലപാതകത്തെ ശക്തമായി അപലപിച്ചു. ‘ഇംഫാലിലെ ടാക്‌സ് അസിസ്റ്റന്റായ ഷെ. ലെറ്റ്മിൻതാങ് ഹോക്കിപ്പിന്റെ മരണത്തിലേക്ക് നയിച്ച ആക്രമണം ക്രൂരമായതാണ്’ അവർ ട്വീറ്റിൽ കുറിച്ചു.
|
ഡ്യൂട്ടിക്കിടെ നിരപരാധിയായ ഒരു പൊതുപ്രവർത്തകനെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാൻ ഒരു കാരണത്തിനും പ്രത്യയശാസ്ത്രത്തിനുമാകില്ല. ഈ വിഷമ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നിൽക്കുകയാണെന്നും അസോസിയേഷൻ ട്വീറ്റിൽ പറയുന്നു.
ഇംഫാലിലെ തന്റെ ഔദ്യോഗിക ക്വാട്ടേഴ്സിൽ നിന്ന് മെയ്തേയ് അക്രമികൾ അദ്ദേഹത്തെ വലിച്ചിഴച്ച് തല്ലിക്കൊന്നു എന്ന കുറിപ്പോടെ ഹോക്കിപ്പിന്റെ ഒരു ഫോട്ടോയും അസോസിയേഷൻ പങ്കുവെച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ അഖിലേന്ത്യാ തലത്തിലുളള സംഘടനയാണ് ഇത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കലാപത്തിന് സാക്ഷ്യം വഹിച്ചതായി പ്രതിരോധ വക്താവ് പറഞ്ഞു. സംഘർഷത്തിൽ അകപ്പെട്ട 13,000 പേരെ രക്ഷപ്പെടുത്തി സുരക്ഷിത അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.





