മലപ്പുറം: താനൂരിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റില്‍. ബോട്ട് ജീവനക്കാരനായ താനൂർ സ്വദേശി വടക്കയിൽ സവാദിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
|
ഇതോടെ പിടിയിലായവരുടെ എണ്ണം ഒമ്പതായി. ബോട്ടുടമയെ ഒളിവിൽ പോകാൻ സഹായിച്ചവരാണ് പ്രതികളിൽ മൂന്ന് പേർ.
അതേസമയം, അന്വേഷണ സംഘം ബേപ്പൂർ പോർട്ട് ഓഫീസിൽ പരിശോധന നടത്തി. അപകടത്തിൽപ്പെട്ട അറ്റ്‌ലാൻ്റിക് ബോട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
ബോട്ടപകടം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് വി കെ മോഹനൻ അപകട സ്ഥലവും ബോട്ടും പരിശോധിച്ചു. അനൗദ്യോഗിക സന്ദർശനം ആണെന്നും കമ്മീഷൻ അംഗങ്ങൾ ഉടൻ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. ബോട്ട് ജീവനക്കാരായ ബിലാൽ, അപ്പു, അനിൽ എന്നിവരെ ഇന്നലയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ബോട്ടിന്റെ ഉടമസ്ഥൻ നാസർ, സ്രാങ്ക് ദിനേശൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ സ്രാങ്ക് ദിനേശനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. റിമാൻഡിലുള്ള ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.





