ന്യൂഡൽഹി: ഒമ്പത് വർഷത്തെ ഭരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഔദ്യോഗിക യു.എസ് സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കുറഞ്ഞത് മൂന്ന് കൂടിക്കാഴ്ചകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്വകാര്യ കൂടിക്കാഴ്ച, സ്റ്റേറ്റ് ഡിന്നർ, വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലഞ്ച്, യുഎസ് കോൺഗ്രസ് സംഘടിപ്പിക്കുന്ന സ്വീകരണം എന്നിവയാണ് നിശ്ചയിച്ചത്.
|
ഇന്ന് യുഎസിലേക്ക് പോകുന്ന മോദി ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നൽകും. ജൂൺ 21 ന് പ്രമുഖ വ്യക്തികളെയും നേതാക്കളെയും കാണും. അതേ ദിവസം തന്നെ അദ്ദേഹം വാഷിംഗ്ടൺ ഡിസിയിലേക്ക് പോകുകയും പ്രസിഡന്റ് ബൈഡനുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്യും.ജൂൺ 22 ന് വൈറ്റ് ഹൗസിൽ പ്രധാനമന്ത്രിക്ക് സ്വീകരണം നൽകും. തുടർന്ന് ബൈഡനുമായി ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകുന്നേരം മോദിയുടെ ബഹുമാനാർത്ഥം ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സ്റ്റേറ്റ് ഡിന്നർ നടത്തും. പ്രമുഖ കമ്പനികളുടെ തിരഞ്ഞെടുത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുമായി വെള്ളിയാഴ്ച പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ല് എന്നാണ് വിശേഷിപ്പിച്ചത്. ”ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഒരു നാഴികക്കല്ലാണ്. വളരെ പ്രധാനപ്പെട്ട ഒരു സന്ദർശനമാണിത്,” വിനയ് പറഞ്ഞു.





