ന്യഡൽഹി: രാജ്യാന്തര ഫുട്‌ബോളിൽ കൂടുതൽ തവണ വലകുലുക്കിയവരുടെ പട്ടികയിൽ നാലാമനായി ഇന്ത്യയുടെ നായകൻ സുനിൽ ഛേത്രി. 90 ഗോളുകളാണ് ഇന്ത്യക്കായി ഛെത്രി അടിച്ചത്. പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റിയാനോ റൊണാൾഡോ (123), ഇറാന്റെ അലി ദെയി (109), അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി (103) എന്നിവരാണ് ഛെത്രിക്ക് മുന്നിൽ. ഇതിൽ റൊണാൾഡോയും മെസിയും മാത്രമേ നിലവിൽ കളിക്കുന്നുള്ളൂ.
|
ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പാകിസ്ഥാനെതിരെ ഹാട്രിക് അടിച്ചാണ് ഛെത്രി 90 തികച്ചത്. ഇതോടെയാണ് പട്ടികയിൽ ഛെത്രി നാലാമതെത്തിയത്. മലേഷ്യൻ ഇതിഹാസം മൊഖ്താർ ദഹാരിയെയാണ് ഇന്ത്യൻ നായകൻ മറികടന്നത്. 138 മത്സരങ്ങളിലാണ് ഛെത്രി 90 ഗോൾ അടിച്ചത്.
പാകിസ്ഥാനെതിരെ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ഛെത്രി. പുറാൻ ബഹദുർ ഥാപ്പയും ഐഎം വിജയനുമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. ഇതിൽ ബഹദുർ ഥാപ്പ ഇന്ത്യയുടെ ആദ്യ ഹാട്രിക്കിന് ഉടമയാണ്.
2005ലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. പാകിസ്ഥാനായിരുന്നു ആദ്യ എതിരാളി. ക്വെറ്റയിലായിരുന്നു മത്സരം. ആദ്യ ഗോളും അന്ന് പിറന്നു. തുടർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ മുഖമായി ഈ സെക്കന്തരബാദുകാരൻ മാറി. മൂന്നുതവണ നെഹ്റു കപ്പ് ചാമ്പ്യൻ ടീമിന്റെ ഭാഗമായി. എഎഫ്സി ചലഞ്ച് കപ്പും സാഫ് കപ്പും ഉൾപ്പെടെ ഒട്ടേറെ കിരീടങ്ങൾ.
പതിനെട്ട് വർഷമായി ഇന്ത്യൻ ടീമിന്റെ നെടുന്തൂണാണ് 38 കാരൻ. ഇതുവരെ ഇന്ത്യക്ക് മറ്റൊരു ഗോളടിക്കാരെ കിട്ടിയിട്ടില്ല. ബംഗളൂരുവിൽ പാകിസ്ഥാനെതിരെ ഹാട്രിക് തികച്ച് 87-ാംമിനിറ്റിലാണ് കളംവിടുന്നത്. ഇന്ത്യൻ കുപ്പായത്തിൽ നാലാം ഹാട്രിക്കായിരുന്നു ഇത്.
‘രാജ്യാന്തര ഫുട്ബോളിൽ ഗോൾ നേടുകയെന്നത് എളുപ്പമല്ല. ആർക്കെതിരെ കളിക്കുന്നു, എവിടെ കളിക്കുന്നു എന്നതൊന്നും അതിൽ ഘടകമല്ല’- പാകിസ്ഥാനെതിരായ മത്സരശേഷം ഛേത്രി പറഞ്ഞു.





