ഡല്‍ഹി: ബിജെപി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പാത സ്വീകരിക്കില്ലെന്നും ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന പ്രീണന നയം രാജ്യത്തിന് വിനാശകരമാണെന്നും പറഞ്ഞ പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും ഒരു പ്രശ്‌നമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നതെന്ന് ഒവൈസി ചൂണ്ടികാണിച്ചു. ഭോപ്പാലില്‍ നടത്തിയ പ്രധാനമന്ത്രിയുടെ യൂണിഫോം സിവില്‍ കോഡ് പരാമര്‍ശത്തിനെതിരെയാണ് ഉവൈസി രംഗത്ത് വന്നത്. ‘മറ്റ് മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്ലാമില്‍ വിവാഹം ഒരു കരാറാണ്. സംസ്‌കാരത്തിനുള്ള അവകാശം മൗലികാവകാശമാണ്’- ഉവൈസി വ്യക്തമാക്കി.
|
ആദായനികുതി വകുപ്പിന്റെ ഹിന്ദു അവിഭക്ത കുടുംബ (എച്ച് യു എഫ്) ക്ലോസ് പ്രകാരം ഹിന്ദുക്കള്‍ക്ക് മാത്രമേ രാജ്യത്ത് നികുതി ഇളവ് നല്‍കൂ. ആര്‍ട്ടിക്കിള്‍ 29 – സംസ്‌കാരത്തിനുള്ള അവകാശം – ഒരു മൗലികാവകാശമാണ്. ഇത് പ്രധാനമന്ത്രിക്ക് മനസ്സിലായോ? മോദി എച്ച് യു എഫ് നടപ്പിലാക്കുമെന്ന് ഞാന്‍ കരുതുന്നില്ല,” – ഒവൈസി പറഞ്ഞു.
എച്ച്യുഎഫ് വ്യവസ്ഥ നിര്‍ത്തലാക്കണമെന്നും ഉവൈസി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.”ഇസ്ലാമില്‍ വിവാഹം ഒരു കരാറാണ്. മറ്റു മതസ്ഥര്‍ക്ക് ഇത് വ്യത്യസ്തമാണ്. നിങ്ങള്‍ അവയെല്ലാം മിക്‌സ് ചെയ്യുമോ? യൂണിഫോം സിവില്‍ കോഡിന്റെ പേരില്‍ നിങ്ങള്‍ ബഹുസ്വരതയും വൈവിധ്യവും തട്ടിയെടുക്കുമോ? ഞാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു, നിങ്ങള്‍ക്ക് 300 എംപിമാരുണ്ട്. ഹിന്ദു അവിഭക്ത കുടുംബത്തെ ഇല്ലാതാക്കുക. പോയി പഞ്ചാബിലെ സിഖുകാരോട് യുസിസിയെക്കുറിച്ച് പറയൂ, അവരുടെ പ്രതികരണം എന്താണെന്ന് നോക്കൂ-ഉവൈസി പറഞ്ഞു.





