പുതുപ്പള്ളിയിലേക്ക് ഇന്ന് അവസാനയാത്ര, ഉമ്മന്‍ ചാണ്ടിയെ ഒരുനോക്ക് കാണാന്‍ ജനലക്ഷങ്ങള്‍; കോട്ടയത്ത് ഉച്ചയ്ക്ക് ശേഷം അവധി
|
തിരുവനന്തപുരം: ജനനായകന്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരക്കണക്കിന് ആളുകളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴ് മണിയോടെ ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെടും.
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകുന്നേരത്തോടെ തിരുനക്കര മൈതാനത്ത് ഭൗതികദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും.
തലസ്ഥാനത്ത് അന്ത്യാഞ്ജലി അ!ര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും പാളയം പള്ളിയിലും കെപിസിസി ആസ്ഥാനത്തുമെല്ലാം നിയന്ത്രണാതീതമായ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്. വന്‍ ജനസാഗരമാണ് ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും. ഇത് പരിഗണിച്ച് ഇന്നും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം ജന്മനാടായ പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ ശവസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.
ബെംഗളൂരു ചിന്മയമിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അന്ത്യം. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ പുതുപ്പള്ളി ഹൗസ്, ദര്‍ബാര്‍ ഹാള്‍, പാളയം പള്ളി, കെ പി സി സി ആസ്ഥാനം എന്നിവിടങ്ങളില്‍ നടന്ന പൊതുദര്‍ശനത്തില്‍ നിയന്ത്രണാതീതമായി ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഇന്ന് സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ ബുധനാഴ്ച (2023 ജൂലൈ19) പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്. മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും കളക്ടര്‍ വിവരിച്ചു.
അതേസമയം തിരുവനന്തപുരം മുതല്‍ കോട്ടയം വരെ എം സി റോഡില്‍ ലോറികള്‍ അടക്കം വലിയ വാഹനങ്ങള്‍ക്ക് രാവിലെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വലിയ വാഹനങ്ങള്‍ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. പുലര്‍ച്ചെ നാലര മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. വിലാപ യാത്ര പരിഗണിച്ചാണ് ക്രമീകരണം.





