01
Jul 2023
Tue
01 Jul 2023 Tue

ഇതാണ് കേരളത്തിന്റെ നന്മ; നിര്‍ധനരായ 40 ദമ്പതികളുടെ വിവാഹസ്വപ്‌നം യാഥാര്‍ഥ്യമാക്കി പട്ടിക്കാട് ജാമിഅ നൂരിയ പൂര്‍വ വിദ്യാര്‍ഥികള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്ടിക്കാട് (മലപ്പുറം): പിന്നാക്കം നില്‍ക്കുന്ന നാല്‍പ്പത് യുവതീയുവാക്കളുടെ വിവാഹസ്വപ്‌നം യാഥാര്‍ഥ്യമാക്കി മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള പട്ടിക്കാട് ജാമിയ നൂരിയ്യ അറബിക് കോളജിലെ പൂര്‍വ വിദ്യാര്‍ഥിക്കൂട്ടായ്മയായ ഓസ്‌ഫോജന. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിവാഹം നീണ്ടുപോയ യുവതി യുവാക്കള്‍ക്ക് പുതു ജീവിതത്തിലേക്ക് കടന്നുവരാനാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലുള്ള സ്ഥാപനം മുന്‍കൈയെടുത്തത്.

വധൂവരന്മാരെ മലപ്പുറം, പാലക്കാട്, വയനാട്, എറണാകുളം, നീലഗിരി ജില്ലകളില്‍ നിന്നാണ് തിരഞ്ഞെടുത്തത്. പതിനെട്ട് മുസ്ലിം, രണ്ട് ഹിന്ദു വധൂവരന്മാരാണ് അവരവരുടെ മതാചാരപ്രകാരം വിവാഹിതരായത്.

വിവാഹത്തില്‍ പങ്കെടുത്ത 20 പെണ്‍കുട്ടികള്‍ക്കും 10 പവന്‍വീതം സ്വര്‍ണാഭരണവും വിവാഹവസ്ത്രവും നല്‍കിയപ്പോള്‍ വരന് മഹറായി ഒരുപവന്‍ സ്വര്‍ണവും വിവാഹവസ്ത്രങ്ങളുമാണ് നല്‍കിയത്. രണ്ടായിരംപേര്‍ക്ക് ബിരിയാണിയും ഇരുനൂറുപേര്‍ക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. അത്രതന്നെയാളുകള്‍ ചടങ്ങില്‍ പങ്കെടുക്കുകയുംചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍, ഏലംകുളം ബാപ്പുമുസ്ലിയാര്‍, പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ., മുന്‍മന്ത്രി അഡ്വ. നാലകത്ത് സൂപ്പി, ഷാജി അരിപ്ര, വി. ശശികുമാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ബഷീര്‍ ഫൈസി ചെരക്കാപ്പറമ്പ്, സുലൈമാന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

ഹൈന്ദവാചാര ചടങ്ങുകള്‍ക്ക്് മണികണ്ഠശര്‍മ പൂജാരി നേതൃത്വംനല്‍കി. സഫ മക്ക റിയാദ്, ശിഫ അല്‍ജസീറ യു.എ.ഇ. എന്നീ സ്ഥാപനങ്ങളാണ് ആവശ്യമായ സാമ്പത്തികസഹായം നല്‍കിയത്.