കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷനായ ലിജിന്‍ ലാല്‍ ആണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. വാര്‍ത്താക്കുറിപ്പിലൂടെയാണ് പാര്‍ട്ടി ഇക്കാര്യം അറിയിച്ചത്.
|
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ജില്ലയില്‍ ബിജെപി നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചു. കയറ്റുമതി ബിസിനസ് ചെയ്യുകയാണ് ലിജിന്‍.
ബിജെപി സ്ഥാനാര്‍ത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള മത്സരാര്‍ഥികളുടെ പൂര്‍ണ ചിത്രം തെളിഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്തംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. സെപ്തംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
ഉമ്മന്‍ചാണ്ടി വയ്യാതെ കിടക്കുമ്പോള്‍ തന്നെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണം യുഡിഎഫ് ആരംഭിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് ആരോപിച്ചിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമര്‍ശം. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദങ്ങളിലും സുരേന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയും മകളും കരിമണല്‍ വ്യവസായത്തില്‍ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ ചോദ്യങ്ങള്‍ നേരിടാന്‍ പോലും സിപിഎം നേതൃത്വത്തിന് കഴിയുന്നില്ല. മുഖ്യമന്ത്രിയും മകളും ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളും അടക്കം 96 കോടി രൂപ മാസപ്പടി വാങ്ങി. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളൊന്നും തന്നെ ഇത് ചോദ്യം ചെയ്യാത്തത് നിയമവാഴ്ചയുടെ തകര്‍ച്ചയുടെ തെളിവാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.





