01
Aug 2023
Sun
01 Aug 2023 Sun

വര്‍ഗീയവാദിയായ അധ്യാപികയുടെ വാക്ക് കേട്ട് തല്ലിയ സഹപാഠികളെത്തി മുസ്ലിം കുട്ടിയെ ആശ്ലേഷിക്കാന്‍; വഴിയൊരുക്കിയത് നരേഷ് ടിക്കായത്ത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: വര്‍ഗീയവിഷം ചീറ്റിയ അധ്യാപികയുടെ വാക്ക് കേട്ട് സഹപാഠിയുടെ കവിളില്‍ അടിച്ചവര്‍ അതേ കവിളില്‍ സ്‌നേഹമുത്തം നല്‍കി. മുസഹഫര്‍ഗനറിലെ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്ത ത്യാഗി അടിപ്പിച്ച കുട്ടികളാണ് ഏഴുവയസുകാരനെ കെട്ടിപ്പിടിച്ച് മുത്തം നല്‍കിയത്. ഗ്രാമത്തിലെ കര്‍ഷകരുടെയും മുതിര്‍ന്നവരുടെയും സാന്നിധ്യത്തിലായിരുന്നു തെറ്റുതിരുത്തല്‍.

അധ്യാപികയുടെ ആജ്ഞ അനുസരിച്ച് സഹപാഠിയെ തല്ലിയ വിദ്യാര്‍ഥികള്‍, തല്ലേറ്റ ഏഴ് വയസുകാരനെ വാരിപ്പുണരാനുള്ള ആജ്ഞയും മനസാലെ സ്വീകരിക്കുകയിരുന്നു. കൂട്ടുകാരനോട് ചെയ്ത തെറ്റിന്റ വ്യാപ്തി അവര്‍ക്ക് മനസിലായിട്ടുണ്ടാകില്ല. തല്ലിയ ഓരോ വിദ്യാര്‍ഥിയും അവന്റെ അടുത്തെത്തി ആലിംഗനം ചെയ്തു.

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് ടിക്കായത്തടക്കമുള്ള കര്‍ഷക നേതാക്കളാണ് ഇവരുടെ സംഗമത്തിന് വഴിയൊരുക്കിയത്.

വിഡിയോ പ്രതിപക്ഷനേതാക്കള്‍ പങ്കുവച്ചു. കുട്ടികള്‍ ആലിംഗനം ചെയ്യുന്നത് നല്ല സന്ദേശമാണെന്നും സ്‌നേഹത്തിന്റെ പാഠം പഠിപ്പിച്ചാല്‍ മാത്രമേ യഥാര്‍ഥ ഇന്ത്യ നിലനില്‍ക്കൂവെന്നും എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) വിഡിയോ പങ്കുവച്ചുകൊണ്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ”ഒരു സംസ്‌കാരം കെട്ടിപ്പടുക്കാനും നശിപ്പിക്കാനും അധ്യാപകനു കഴിയും. ഒരു യഥാര്‍ഥ അധ്യാപകന്‍ മറ്റുള്ളവരുടെ തെറ്റുകള്‍ മാത്രമല്ല, സ്വന്തം തെറ്റുകളും തിരുത്തുന്നു.”- അദ്ദേഹം പറഞ്ഞു.

മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവമുണ്ടായത്. മുസ്‌ലിം വിദ്യാര്‍ഥിയെ തല്ലാന്‍ ഹിന്ദു വിദ്യാര്‍ഥികളോട് അധ്യാപിക തൃപ്തി ത്യാഗി ആവശ്യപ്പെടുന്നതിന്റെ വിഡിയോ വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. സംഭവം വിവാദമായതിനു പിന്നാലെ തൃപ്തി ത്യാഗിക്കെതിരെ മുസാഫര്‍നഗര്‍ പൊലീസ് ശനിയാഴ്ച കേസെടുത്തു.