എനിക്കിപ്പോഴും ലജ്ജ തോന്നുന്നില്ല, ഗ്രാമവാസികള്‍ എന്നൊടൊപ്പമുണ്ടെന്ന് യു.പിയിലെ വിവാദ അധ്യാപിക
|
ന്യൂഡല്‍ഹി: തന്റെ പ്രവൃത്തിയില്‍ ലജ്ജയില്ലെന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മുസ്ലിം കുട്ടിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച ഉത്തര്‍പ്രദേശിലെ വിവാദ അധ്യാപിക തൃപ്ത ത്യാഗി. എനിക്ക് ലജ്ജയില്ല. അധ്യാപികയെന്ന നിലയില്‍ ഈ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ട്. അവരെല്ലാം എന്റെ കൂടെയുണ്ട്. സ്കൂളിലെ കുട്ടികളെ ‘നിയന്ത്രിക്കുക’ എന്നത് പ്രധാനമാണ്. നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ സ്കൂളുകളില്‍ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇങ്ങനെയാണ് ഞങ്ങള്‍ അവരെ കൈകാര്യം ചെയ്യുന്നത്”– തൃപ്ത ത്യാഗി പറഞ്ഞു. ഏഴു വയസ്സുകാരനെ മര്‍ദിക്കാന്‍ മറ്റു കുട്ടികളോട് ആവശ്യപ്പെടുന്നതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ, ഖുബാപുരിലെ നേഹ പബ്ലിക് സ്കൂളിലെ പ്രിന്‍സിപ്പല്‍ കൂടിയായ തൃപ്ത ത്യാഗിക്കെതിരെ മുസാഫര്‍നഗര്‍ പൊലീസ് കേസെടുത്തിരുന്നു.
കുട്ടികളെ നിയന്ത്രിക്കുക പ്രധാനമാണെന്ന് പറഞ്ഞ അധ്യാപിക തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു. ‘അവര്‍ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്, പക്ഷേ ഞങ്ങള്‍ സ്കൂളുകളില്‍ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇങ്ങനെയാണ് ഞങ്ങള്‍ അവരെ കൈകാര്യം ചെയ്യുന്നത്,’ അധ്യാപിക പറഞ്ഞു.
നേരത്തെ സംഭവം വിവാദമായപ്പോള്‍ അതൊരു ചെറിയ പ്രശ്നം മാത്രമാണെന്നും ഹോംവര്‍ക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ അടിച്ചതെന്നും വര്‍ഗീയ വിദ്വേഷം ലക്ഷ്യം വച്ചുള്ളതായിരുന്നില്ലെന്നുമായിരുന്നു തൃപ്തയുടെ പ്രതികരണം.
സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ബോധപൂര്‍വമുള്ള മര്‍ദനം (323), മനഃപൂര്‍വമുള്ള അപമാനം (504) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.





