01
Aug 2023
Mon
01 Aug 2023 Mon

നൂഹില്‍ നിരോധനം ലംഘിച്ചും യാത്ര നടത്തുമെന്ന് VHP, നേരിടാന്‍ സര്‍ക്കാര്‍, ജി20 യോഗം നടക്കുന്നതിനാല്‍ ആശങ്കയോടെ സര്‍ക്കാര്‍; ജനങ്ങള്‍ ഭീതിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: നൂഹില്‍ വിഎച്ച്പി ഇന്ന് നടത്തുമെന്ന് അറിയിച്ച യാത്രയുടെ പശ്ചാത്തലത്തില്‍ ഹരിയാനയിലെങ്ങും, പ്രത്യേകിച്ച് നൂഹില്‍ കനത്ത ജാഗ്രത. നൂഹിലെ ശിവ ക്ഷേത്രത്തില്‍ നിന്ന് രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. വിവിധ ഹിന്ദുത്വ സംഘടനകളും ഘോഷയാത്രയില്‍ സഹകരിക്കും എന്നറിയിച്ചിട്ടുണ്ട്. ഘോഷ യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും, പരിപാടിയുമായി മുന്നോട്ടു പോകുമെന്നാണ് വിഎച്ച്പി നേതാക്കള്‍ വ്യക്തമാക്കിയത്. മതപരമായ ഘോഷയാത്രകള്‍ക്ക് അനുമതി ആവശ്യമില്ലെന്നാണ് വിഎച്ച്പി ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിനിന്റെ വാദം.

ഘോഷയാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ജലാഭിഷേകത്തിനായി പ്രാദേശിക ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഘോഷയാത്രയ്ക്ക് പോലീസ് അനുമതി നിഷേധിച്ചെങ്കിലും അത് വകവെക്കാതെ മുന്നോട്ട് പോകുമെന്നാണ് ഹിന്ദു സംഘടനയായ വിഎച്ച്പി അറിയിച്ചിരിക്കുന്നത്.

സെപ്തംബര്‍ 3 മുതല്‍ 7 തിയതികളില്‍ നുഹില്‍ നടക്കാനിരുന്ന ജി20 ഷെര്‍പ്പ ഗ്രൂപ്പ് യോഗത്തിന് മുന്നോടിയായി വര്‍ഗീയ അന്തരൂക്ഷം രൂപപ്പെടുന്നതില്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന് ആശങ്കയുണ്ട്. ഇതുപ്രകാരം ഹരിയാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ശത്രുജിത് കപൂര്‍ കപൂര്‍, അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മീറ്റിംഗ് നടത്തുകയും ഏത് സാഹചര്യത്തെയും ഫലപ്രദമായി നേരിടാന്‍ ഏകോപിത ശ്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

1,900 പോലീസുകാരെയും 24 കമ്പനി അര്‍ദ്ധസൈനികരെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും ഈ ദിവസം അടച്ചിടാനും ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

ജൂലൈ 31ന് നടത്തിയ ഘോഷ യാത്ര വര്‍ഗീയ സംഘര്‍ഷത്തില്‍ മുങ്ങുകയതിനെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.