02
Sep 2023
Sat
02 Sep 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 ന്റെ വിക്ഷേപണം ഇന്ന്. വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഉപഗ്രഹവുമായി പിഎസ്എല്‍വി സി57 റോക്കറ്റ് ഇന്ന് രാവിലെ 11.50 നാണ് ആകാശത്തേയ്ക്ക് കുതിക്കുക.

ഇതിന്റെ ഭാഗമായി 23 മണിക്കൂര്‍ 40 മിനിറ്റുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചു. ഐഎസ്ആര്‍ഒ വെബ്‌സൈറ്റി വിക്ഷേപണം തത്സമയം കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.

വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. വിക്ഷേപണത്തിന് പിഎസ്എല്‍വി റോക്കറ്റും ഉപഗ്രഹവും തയ്യാറാണ്. ശനിയാഴ്ച പിഎസ്എല്‍വി സി 57 റോക്കറ്റില്‍ പേടകം കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിനു ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തിലാണ് ആദിത്യ എല്‍1 എത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലെഗ്രാഞ്ചേ പോയിന്റില്‍ നിന്നാണ് പേടകം സൂര്യനെ പഠിക്കുക.

മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി ഏഴു പേലോഡുകള്‍ ആദിത്യയിലുണ്ട്.

സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. ആദിത്യ എല്‍1 ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ്.

സൂര്യനിലെ താപനില 1.5 കോടി ഡിഗ്രി സെല്‍ഷ്യസ് ആണ്. ഈ സാഹചര്യത്തില്‍ അകലെനിന്ന് അല്ലാതെ സൂര്യനെ നിരീക്ഷിക്കാനാകില്ല.

ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന്റെ ഒന്‍പതാം ദിവസമാണ് സൂര്യനെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യയുടെ പേടകം പുറപ്പെടുന്നത്. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ദൗത്യത്തിലൂടെ ഇസ്‌റോ ലക്ഷ്യമിടുന്നത്. കൊറോണല്‍ താപനം, കൊറോണല്‍ മാസ് ഇജക്ഷന്‍, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളും നിരീക്ഷിക്കും.

2018ല്‍ അമേരിക്കയുടെ നാസ വിക്ഷേപിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന പേടകമാണ് ഏറ്റവും അവസാനമായി സൗര ദൗത്യവുമായി ബഹിരാകാശത്ത് എത്തിയത്. ഐ.എസ്.ആര്‍.ഒ ലക്ഷ്യം കണ്ടാല്‍ നാലാമത്തെ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തം. അമേരിക്കയും യൂറോപ്യന്‍ യൂണിയനും (സംയുക്ത സംരംഭം) ജപ്പാനുമാണ് ഈ നേട്ടം കുറിച്ചത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 800കിലോമീറ്റര്‍ മുകളിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കാണ് ആദിത്യപേടകത്തെ വിക്ഷേപിക്കുന്നത്. അവിടെനിന്ന് ഭൂമിയെ പലവട്ടം ഭ്രമണം ചെയ്യും. പേടകത്തിലെ ത്രസ്റ്ററുകള്‍ ഉപയോഗിച്ച് ഭ്രമണപഥം വിപുലമാക്കും. ചന്ദ്രയാന്‍ സഞ്ചരിച്ച അതേമാതൃകയില്‍ സഞ്ചാരപഥം ഉയര്‍ത്തും. ലക്ഷ്യസ്ഥാനമായ ലാഗ്രാഞ്ച് പോയിന്റില്‍ നിലയുറപ്പിക്കുന്നതിനാല്‍ ആദിത്യപേടകത്തിന് മറ്റ് ഉപഗ്രഹങ്ങളിലും ചാന്ദ്രപേടകത്തിലും ഉള്ളതിനെക്കാള്‍ കൂടുതല്‍ താപകവചങ്ങള്‍ ഒരുക്കേണ്ട ആവശ്യമില്ലെന്ന് ഐ.എസ്.ആര്‍.ഒ അധികൃതര്‍ പറഞ്ഞു. വിക്ഷേപണത്തിലെ സങ്കീര്‍ണ്ണതയാണ് ആദിത്യപേടകത്തെ വ്യത്യസ്തമാക്കുന്നത്.

വിശദാംശങ്ങള്‍ ഇവയാണ്:

സഞ്ചാരപാത: 15 ലക്ഷം കിലോ മീറ്റര്‍

ഭൂമിയല്‍നിന്ന് സൂര്യനിലേക്കുള്ള അകലം: 15 കോടി കിലോമീറ്റര്‍

സൂര്യനും പേടകവും തമ്മിലുള്ള ശരാശരി അകലം: 14.85 കോടി കിലോമീറ്റര്‍

ഭാരം: 1500 കിലോഗ്രാം

ആയുസ്: 5 വര്‍ഷവും രണ്ട് മാസവും

ചെലവ്: 378കോടിരൂപ.

പ്രത്യേകതകള്‍:

▶️ സൂര്യനിലെ താപനില 1.5 കോടി ഡിഗ്രി സെല്‍ഷ്യസ്

▶️ഉപരിതലത്തിന് പുറത്തുള്ള മേഖലയില്‍ 5500 ഡിഗ്രി സെല്‍ഷ്യസ്

▶️ ഇത്രയും ചൂട് താങ്ങാന്‍ ഒരു പേടകത്തിനും കഴിയില്ല. അതുകൊണ്ടാണ് അകലം പാലിക്കുന്നത്.

▶️ ചന്ദ്രയാന്‍3 സഞ്ചരിച്ചതിന്റെ നാലിരട്ടി ഉയരത്തിലാണ് ആദിത്യ നിലയുറപ്പിക്കുക.

▶️ ചന്ദ്രനിലെത്താന്‍ സഞ്ചരിച്ചത് 3.84 ലക്ഷം കിലോമീറ്റര്‍ മാത്രം.

▶️ ചന്ദ്രയാന്‍ 40 ദിവസം കൊണ്ടാണ് ചന്ദ്രനില്‍ ഇറങ്ങിയതെങ്കില്‍, ആദിത്യ 125 ദിവസം കൊണ്ടാണ് ലക്ഷ്യത്തിലെത്തുക

aditya l1 india’s first solar mission