24
Sep 2023
Sun
24 Sep 2023 Sun

ഹരാരെ: സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരവും നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക്(49) അന്തരിച്ചു. ഭാര്യ നാദിന്‍ സ്ട്രീക്കാണു മരണ വിവരം സ്ഥിരീകരിച്ചത്. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്ന സ്ട്രീക്ക്. 1993ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി. 2005ലാണ് വിരമിച്ചത്. സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാള്‍ കൂടിയാണ് സ്ട്രീക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് കായികലോകത്ത് വലിയ വിവാദമായിരുന്നു. പിന്നാലെ സ്ട്രീക്ക് തന്നെ നേരിട്ട് രംഗത്തെത്തി തന്റെ മരണവാര്‍ത്ത നിഷേധിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആളുകള്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നും താന്‍ അര്‍ബുദത്തില്‍ നിന്ന് തിരിച്ചുവരികയാണെന്നും സ്ട്രീക്ക് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടുവെന്നും ചികില്‍സയുടെ ചെറിയ ബുദ്ധിമുട്ടുകളൊഴിച്ചാല്‍ സുഖമായിരിക്കുന്നുവെന്നും സ്ട്രീക്ക് പറഞ്ഞ് ദിവസങ്ങള്‍ക്കകമാണ് മരണവാര്‍ത്തയെത്തുന്നത്.

1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്‌വെയില്‍ ഏറ്റവും സെലിബ്രിറ്റി പരിവേശമുണ്ടായിരുന്ന കായിക താരമാണ് സ്ട്രീക്ക്. സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്‌വെയ്ക്കായി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റെക്കോര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്.

വിരമിച്ചതിനു ശേഷം പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിങ് പരിശീലകനായിരുന്നു. ബംഗ്ലദേശ്, സിംബാബ്‌വെ ടീമുകളെയും പരിശീലിപ്പിച്ചു.

അടിസ്ഥാനപരമായി പേസറാണെങ്കിലും ബാറ്ററെന്ന നിലയിലും സ്ട്രീക്ക് തിളങ്ങി. ടെസ്റ്റില്‍ 1990 റണ്‍സും ഏകദിനത്തില്‍ 2943 റണ്‍സും നേടിയിട്ടുള്ള സ്ട്രീക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഹരാരെയില്‍ ടെസ്റ്റ് സെഞ്ചുറിയും(127) നേടി. 1993ല്‍ പാക്കിസ്ഥാനെതിരെ സിംബാബ്‌വെ കുപ്പായത്തില്‍ അരങ്ങേറിയ സ്ട്രീക്ക് അതിവേഗമാണ് ടീമിന്റെ പ്രധാന ബൗളറായത്. പാക്കിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയതോടെ സ്ട്രീക്ക് സിംബാബ്‌വെയുടെ ബൗളിംഗ് കുന്തമുനയായി മാറുകയായിരുന്നു.