01
Sep 2023
Mon
01 Sep 2023 Mon

മണിപ്പൂര്‍: ഇംഫാലിലെ അവസാന കുക്കി കുടുംബത്തെയും മാറ്റി; ന്യൂ ലാംബുലന്‍ പ്രദേശത്ത് ഇപ്പോള്‍ ഒരൊറ്റ കുക്കികള്‍ ഇല്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ താഴ് വരയിലുള്ള ന്യൂ ലാംബുലന്‍ പ്രദേശത്ത് ഇപ്പോള്‍ ഒരൊറ്റ കുക്കി സമുദായാംഗങ്ങളും ഇല്ല. ഇവിടെ താമസിച്ചിരുന്ന അവസാനത്തെ കുക്കി കുടുംബത്തെയും കാങ്‌പോപിയിലേക്ക് മാറ്റിയതിനാലാണിത്. സംസ്ഥാനത്ത് വീണ്ടും പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 24 അംഗങ്ങള്‍ അടങ്ങുന്ന 10 കുക്കി കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. ഇവരെ സുരക്ഷിതരായി കുക്കി ആധിപത്യമുള്ള കാങ്‌പോക്പി ജില്ലയിലേക്ക് മാറ്റിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തങ്ങളുടെ വസതികളില്‍ നിന്ന് മോട്ട്ബംഗിലേക്ക് ബലമായി പുറത്താക്കുകയായിരുന്നുവെന്ന് ന്യൂ ലാംബുലന്‍ ഏരിയയിലെ കുക്കി കുടുംബങ്ങള്‍ ആരോപിച്ചു. ‘ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന യൂണിഫോം ധരിച്ച സായുധ ഉദ്യോഗസ്ഥരുടെ ഒരു സംഘം സെപ്തംബര്‍ ഒന്നിന് രാത്രി ഇംഫാലിലെ ന്യൂ ലാംബുലേനിലെത്തി. ഇവര്‍ ഇംഫാലിലെ കുക്കി പ്രദേശത്തെ അവസാനത്തെ താമസക്കാരെയും അവരുടെ വീടുകളില്‍ നിന്ന് ബലം പ്രയോഗത്തിലൂടെ പുറത്താക്കി’ സന്നദ്ധപ്രവര്‍ത്തകനായ എസ് പ്രിം വൈഫെ പറഞ്ഞു.

ന്യൂ ലാംബുലന്‍ പ്രദേശത്ത് താമസിക്കുന്ന 300 ഓളം ആദിവാസി കുടുംബങ്ങള്‍ മെയ് മൂന്നിന് വംശീയ അക്രമം ആരംഭിച്ചതിനു പിന്നാലെ ഘട്ടം ഘട്ടമായി ഒഴിഞ്ഞുപോയിരുന്നു. എങ്കിലും ചിലര്‍ ഇവിടെ തന്നെ സ്വന്ചം വീടുകളില്‍ ഉറച്ചുനിന്നു. ഇവരെയാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ ബലംപ്രയോഗിച്ച് കൊണ്ടുപോയത്.

അതേസമയം നിര്‍ബന്ധിത കുടിയൊഴിപ്പിക്കലില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കുക്കി ഗോത്രങ്ങളുടെ സംഘടനയായ കുക്കി ഇന്‍പി മണിപ്പൂര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക ഭരണം വേണമെന്ന ആവശ്യം കുക്കി ബോഡി ആവര്‍ത്തിച്ചു.