01
Sep 2023
Tue
01 Sep 2023 Tue

പൊലീസ് ഉദ്യോഗസ്ഥ പൂജാ യാദവിനെ ചോരയില്‍ കുളിച്ച നിലയില്‍ ട്രെയിനില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും റെയില്‍വേ പൊലീസിനോടും കേന്ദ്രസര്‍ക്കാരിനോടും റെയില്‍വേ മന്ത്രാലയത്തോടും ആഭ്യന്തരമന്ത്രാലയത്തോടും വനിതാ കമ്മീഷനോടും അലഹബാദ് ഹൈക്കോടതി റിപോര്‍ട്ട് തേടി. ആഗസ്ത് 30നാണ് പൊലീസുകാരിയെ മുഖത്തും തലയ്ക്കും കുത്തേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തരവാദിത്വ നിര്‍വഹണത്തില്‍ റെയില്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് വീഴ്ച വരുത്തിയെന്ന് വിമര്‍ശിച്ച ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാകറും ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയും സപ്തംബര്‍ 13നകം ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് അന്വേഷണ റിപോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖത്തും തലയ്ക്കും പരിക്കേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ ആഗസ്ത് 30നാണ് വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ സരയു എക്‌സ്പ്രസ് കംപാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയതെന്നാണ് റെയില്‍വേ പൊലീസ് റിപോര്‍ട്ട്. ലൈംഗികാതിക്രമമല്ല നടന്നതെന്ന് പൊലീസും വനിതാ കോണ്‍സ്റ്റബിളും പറയുന്നു. പൊലീസുകാരിയുടെ സഹോദരനാണ് ആക്രമണത്തിനെതിരേ പരാതി നല്‍കിയത്.

സുല്‍ത്താന്‍പൂരില്‍ നിന്ന് അയോധ്യയിലേക്ക് സാവന്‍ മേളയുടെ ഭാഗമായി ഡ്യൂട്ടിക്ക് വരികയായിരുന്നു കോണ്‍സ്റ്റബിള്‍. യാത്രയ്ക്കിടെ ഉറങ്ങിപ്പോയതിനാല്‍ അയോധ്യയില്‍ ഇറങ്ങേണ്ടതിനു പകരം മനാക്പൂര്‍ സ്റ്റേഷനിലാണ് യുവതി എത്തിയത്. അയോധ്യക്കും മനാക്പൂറിനും ഇടയിലാണ് ആക്രമണം നടന്നത്. കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ചികില്‍സയില്‍ കഴിയുന്നത്.