കോഴിക്കോട്: മാവോവാദികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചതിന് എടുത്ത കേസില് മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസു (94)വിനെ വെറുതെവിട്ടു. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയത്. പ്രോസിക്യൂഷന് കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.
|
2016ലെ കേസിൽ എൽ.പി വാറന്റിന്റെ അടിസ്ഥാനത്തിൽ ജൂലൈ 29നാണ് മെഡിക്കൽ കോളജ് പൊലീസ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. അന്നുമുതൽ അദ്ദേഹം ജയിലിൽ കഴിയുകയാണ്.
മാവോവാദികളുടേത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറി പരിസരത്ത് പ്രതിഷേധിച്ച സംഭവത്തിലായിരുന്നു കേസെടുത്തത്.
മെഡിക്കൽ കോളജ് പരിസരത്ത് സംഘടിച്ച് ഗതാഗതതടസമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു കേസ്. എന്നാൽ കേസ് അംഗീകരിക്കില്ലെന്നും ജാമ്യമെടുക്കില്ലെന്നും പിഴയടയ്ക്കില്ലെന്നും തീർപ്പാക്കില്ലെന്നും ഗ്രോവാസു കോടതിയിൽ നിലപാടെടുത്തു. തുടർന്ന് കുന്ദമംഗലം കോടതി റിമാൻഡ് കാലാവധി നീട്ടുകയായിരുന്നു.
സംഭവത്തിൽ ഗതാഗതം തടസപ്പെട്ടതായി കാണിച്ച് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പരാതിയുണ്ടായിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. പ്രകടനത്തിന്റെ സി.ഡി മാത്രമാണ് ഹാജരാക്കിയതെന്നും തെളിവുനിയമ പ്രകാരമുള്ള 65 ബി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.
കോടതിയിൽ തനിക്ക് വേണ്ടി ഗ്രോവാസു തന്നെയാണ് സ്വയം കേസ് വാദിച്ചത്. ഏറ്റുമുട്ടൽ ആണെങ്കിൽ എന്തുകൊണ്ട് പൊലീസുകാരുടെ ശരീരത്തിൽ ഒരു മുറിവ് പോലുമുണ്ടായില്ലെന്ന് അദ്ദേഹം കോടതിയിൽ ചോദിച്ചിരുന്നു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ഗ്രോ വാസു ആവശ്യപ്പെട്ടു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കുറ്റവിമുക്തനാക്കിയത്.





