29
Sep 2023
Sat
29 Sep 2023 Sat

നിപ ഭീതി: കോഴിക്കോട് കോര്‍പറേഷനിലെ ചില ഭാഗങ്ങളും ഫറോക്ക് മുഴുവനായും കണ്ടെയ്ന്‍മെന്റ് സോണ്‍; കൂടുതല്‍ ഫലങ്ങള്‍ ഇന്നറിയാം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കോഴിക്കോട് നഗരത്തിലും നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഫറോക്ക് നഗരസഭ മുഴുവനായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. നാല് പേരാണ് നിപ സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്.

കോഴിക്കോട് കോര്‍പറേഷനിലെ 43, 44, 45, 46, 47, 48, 51 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. ഫറോക്കിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ഫറോക്കില്‍ 1080 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട കൂടുതല്‍ ആളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ 83 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.

ഇതുവരെയായി ആറ് നിപ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് പേര്‍ മരിച്ചു. 83 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. നിപ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ നിന്നു വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയില്‍ കേന്ദ്ര സംഘം പരിശോധന നടത്തിയിരുന്നു.

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 24 വരെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പഠനം മുടങ്ങാതിരിക്കാന്‍ ഒരാഴ്ച ക്ലാസുകള്‍ ഓണ്‍ലൈനാക്കാനും തീരുമാനിച്ചു. സ്‌കൂളുകളിലും, കോളജുകളിലും (പ്രൊഫഷണല്‍ കോളജുകള്‍ക്കുള്‍പ്പെടെ) ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.