10
Oct 2023
Sun
10 Oct 2023 Sun

ഡല്‍ഹിയിലെ ജ്വല്ലറിയില്‍ നിന്ന് 25 കോടി രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ കള്ളന്‍ ഉപയോഗിച്ചത് കേവലം 100 രൂപയുടെ ചുറ്റികയും 1400 രൂപയുടെ കട്ടറും. ഛത്തീസ്ഗഡ് സ്വദേശിയായ ലോകേഷ് ശ്രീവാസ് ആണ് ഡല്‍ഹിയിലെത്തി വന്‍ കവര്‍ച്ച നടത്തി മടങ്ങിപ്പോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാന്ദ്‌നി ചൗക്കില്‍ നിന്നാണ് ലോകേഷ് ശ്രീവാസ് ചുറ്റിക വാങ്ങിയത്. ഡിസ്‌ക് കട്ടര്‍ വാങ്ങിയത് ജി ബി റോഡില്‍ നിന്ന്. ഇതിനു പുറമേ സ്‌ക്രൂ ഡ്രൈവറുകളും മറ്റും വീട്ടില്‍ നിന്ന് കൊണ്ടുവന്നിരുന്നു. സെപ്തംബര്‍ 17ന് രാത്രി 11ഓടെയാണ് ലോകേഷ് ശ്രീവാസ് ജ്വല്ലറിക്കുള്ളില്‍ കടന്നത്. സമീപത്തെ കെട്ടിടത്തിലൂടെ കയറിയാണ് ജ്വല്ലറിക്കുള്ളിലെത്തിയത്.

രാത്രി മുഴുവന്‍ ജ്വല്ലറിയില്‍ കഴിഞ്ഞ ലോകേഷ് ശ്രീവാസ് തിങ്കളാഴ്ച ഡിസ്‌പ്ലേക്ക് വച്ച ആഭരണങ്ങളും സ്റ്റോര്‍ റൂം തകര്‍ത്ത് ഇവിടെ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും എടുത്തു. തിങ്കളാഴ്ച കടയ്ക്ക് അവധി ആയിരുന്നതിനാല്‍ കവര്‍ച്ച നടക്കുന്ന വിവരം പുറത്തറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി ഏഴോടെ ജ്വല്ലറിക്കു പുറത്തിറങ്ങിയ ലോകേഷ് മോഷണമുതല്‍ കൊണ്ടുപോവുന്നതിനായി ബാഗ് വാങ്ങുകയും തിരിച്ചുവരുകയും ചെയ്തു. തുടര്‍ന്ന് രണ്ടു ബാഗുകളിലായി സ്വര്‍ണമെടുത്ത് ബസ് മാര്‍ഗം ഛത്തീസ്ഗഡിലേക്ക് മടങ്ങുകയും ചെയ്തു.

ചൊവ്വാഴ്ച ഉടമ കട തുറക്കുമ്പോഴാണ് സ്വര്‍ണമെല്ലാം നഷ്ടമായ വിവരമറിയുന്നത്. പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ഛത്തീസ്ഗഡ് പൊലീസ് ആണ് ലോകേഷ് ശ്രീവാസിനെക്കുറിച്ച് ഡല്‍ഹി പൊലീസിനെ അറിയിച്ചത്. ഛത്തീസ്ഗഡില്‍ പിടിയിലായ മറ്റൊരു കള്ളനാണ് ഡല്‍ഹിയില്‍ വലിയ ജോലി തീര്‍ത്ത് തിരിച്ചെത്തിയ ലോകേഷ് ശ്രീവാസിനെക്കുറിച്ച് പൊലിസീനോട് പറഞ്ഞത്.

ഈ വിവരമറിഞ്ഞ ഡല്‍ഹി പൊലീസ് ലോകേഷിന്റെ ഫോട്ടോ സംഘടിപ്പിക്കുകയും ജ്വല്ലറി കവര്‍ച്ച കണ്ടെത്തുന്നതിനായി ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുമായി ഒത്തുനോക്കുകയും ചെയ്തു. ഇതിലൂടെ ലോകേഷ് ശ്രീവാസ് തന്നെയാണ് മോഷ്ടാവെന്നുറപ്പിച്ച ഡല്‍ഹി പൊലീസ് ഇയാളുടെ വാടകവീട് സ്ഥിതി ചെയ്യുന്ന ബിലാസ്പൂറിലെത്തി. ഈ സമയം ലോകേഷ് അവിടെയുണ്ടായിരുന്നില്ല. രാത്രി മുഴുവന്‍ വാടകവീടിനു പുറത്ത് കാത്തുനിന്ന സംഘം പിറ്റേദിവസം പുലര്‍ച്ചെ ലോകേഷ് വീട്ടിലെത്തിയതോടെ വളഞ്ഞുപിടികൂടുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ ചോദ്യംചെയ്തപ്പോഴാണ് മോഷണം നടത്താന്‍ ഉപയോഗിച്ച വസ്തുക്കളെക്കുറിച്ചും മോഷണം നടത്തിയ രീതിയുമൊക്കെ വിശദീകരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക