01
Nov 2023
Sun
01 Nov 2023 Sun

ഏഴുവയസ്സുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ സൂചി കാന്തം ഉപയോഗിച്ച് പുറത്തെടുത്ത് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍. നാലുസെന്റിമീറ്റര്‍ നീളമുള്ള തയ്യല്‍ സൂചിയാണ് കുട്ടിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയത്. ചോര ചുമച്ചുതുപ്പാന്‍ തുടങ്ങിയതോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപിക് പരിശോധനയിലാണ് ശ്വാസകോശത്തില്‍ തയ്യല്‍മെഷീന് ഉപയോഗിക്കുന്ന സൂചി കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കടത്താനാവാത്ത വിധം ചെറിയ ഇടമാണ് സൂചി കുടുങ്ങിയ ഭാഗത്തുണ്ടായിരുന്നത് എന്നതിനാലാണ് കാന്തം ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റില്‍ നിന്നാണ് ഡോക്ടര്‍ പരിചയക്കാരന്‍ മുഖേന കാന്തം വാങ്ങിയത്. നാല് മില്ലിമീറ്റര്‍ വീതിയും 1.5 മില്ലി മീറ്റര്‍ കനവുമുള്ള കാന്തമായിരുന്നു സൂചി നീക്കം ചെയ്യാന്‍ ഉപയോഗപ്പെടുത്തിയതെന്ന് പീഡിയാട്രിക് സര്‍ജറി വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. വിശേഷ് ജെയിന്‍ പറഞ്ഞു.

ഇടത്തേശ്വാസകോശത്തില്‍ തറഞ്ഞുകയറി സൂചി നീക്കം ചെയ്യാന്‍ വിവിധ രീതികള്‍ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് കാന്തം ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ഡോ. ദേവേന്ദ്ര കുമാര്‍ യാദവ് വ്യക്തമാക്കി. സര്‍ജിക്കല്‍ ടീം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ഇത്തരമൊരു പരിഹാരം ഉരുത്തിരുഞ്ഞുവന്നത്. കാന്തം ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമാവുകയും കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് സൂചി പുറത്തെടുക്കുകയും ചെയ്തു. ഈ പരീക്ഷണം വിജയിച്ചില്ലായിരുന്നുവെങ്കില്‍ കുട്ടിയുടെ നെഞ്ചും ശ്വാസകോശവും തുറന്നായിരുന്നു സൂചി പുറത്തെടുക്കേണ്ടിയിരുന്നതെന്ന് ഡോ. ജെയിന്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക