27
Dec 2023
Thu
27 Dec 2023 Thu

കൃഷ്ണന്‍ ശബരിമലയിലേക്ക് പോകും മുമ്പ് ഇക്കുറിയും പൂക്കോയ തങ്ങളുടെ ഖബറിനരികിലെത്തി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതാക്കന്‍മാരാണ് പാണക്കാട്ടെ തങ്ങള്‍മാര്‍ എങ്കിലും ജാതി, സമുദായങ്ങള്‍ക്കപ്പുറമുള്ള സ്വീകാര്യത ഇവര്‍ക്കുണ്ട്. മതജാതി ഭേദ്യമെന്യേ എല്ലാവര്‍ക്ക് മുന്നിലും ഏത് സമയവും തുറന്നുവെച്ച വാതിലാണ് പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലേത്. പരാതികള്‍ ബോധിപ്പിക്കാനും മറ്റുമായി നൂറു കണക്കിനാളുകള്‍ ദിവസവും പാണക്കാട്ടെത്തുന്നു. അത്തരത്തില്‍ ഇന്നലെയും ഒരു അതിഥി പാണക്കാട്ടെത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ആ അതിഥിയെ പരിചയപ്പെടുത്തിയത്, പുലാമന്തോള്‍ സ്വദേശി കൃഷ്‌ണേട്ടന്‍.!

എല്ലാവര്‍ഷവും ശബരിമലയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം പാണക്കാട്ടെത്തും. പാണക്കാട്ടെ വലിയ തങ്ങളായിരുന്ന പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഉള്ള കാലം മുതലേ തുടങ്ങിയ ശീലമാണത്. തങ്ങള്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് അടുത്തെത്തി അനുഗ്രഹം വാങ്ങും. പൂക്കോയ തങ്ങള്‍ മരിച്ച ശേഷം അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഖബറിനരികെ എത്തും. ഇന്നലെയും കൃഷ്‌ണേട്ടനെത്തി ഏറെ നേരം ഖബറിനരികെ നിശബ്ദനായി നിന്നു. പിന്നീട് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മുനവ്വറലി തങ്ങള്‍ കൃഷ്ണനെ പരിചയപ്പെടുത്തിയത്. കൃഷ്‌ണേട്ടന് പ്രയാസങ്ങളില്ലാത്ത സുഗമമായ ശബരിമല തീര്‍ത്ഥാടന യാത്ര സാധ്യമാവട്ടെയെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ആശംസിച്ചു.

പോസ്റ്റ് വായിക്കാം.

എല്ലാ വർഷവും മുടങ്ങാതെ ശബരിമല ദർശനത്തിന് പോകാറുണ്ട് പുലാമന്തോൾ ഓണപ്പുട സ്വദേശിയായ കൃഷ്ണേട്ടൻ..
യാത്രക്കൊരുങ്ങിയാൽ പാണക്കാട് ഒന്ന് സന്ദർശിച്ചാണ് അദ്ദേഹം പോവുക.വല്ല്യുപ്പ പൂക്കോയ തങ്ങൾ ഉള്ള കാലം മുതൽ തുടങ്ങിയ ശീലമാണത്.
ഇന്നും അദ്ദേഹം പാണക്കാട് വന്നു.വല്യുപ്പയുടെ ഖബറിനരികിൽ കുറച്ച് സമയം നിശബ്ദനായി നിന്നു..ഞങ്ങളെ എല്ലാവരേയും കണ്ടു,സമയം ചെലവഴിച്ചു.സംതൃപ്തിയോടെ യാത്ര തിരിച്ചു..
കൃഷ്ണേട്ടന് പ്രയാസങ്ങളില്ലാത്ത സുഗമമായ തീർത്ഥാടന യാത്ര സാധ്യമാവട്ടെ.
യാത്രാമംഗളങ്ങൾ..