18
Dec 2023
Thu
18 Dec 2023 Thu

ഇസ്രായേലില്‍ ഇന്ത്യക്കാര്‍ക്ക് വന്‍ തൊഴിലവസരം; ഒന്നര ലക്ഷത്തിലധികം ഒഴിവുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡഹി: ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ നിര്‍മാണ മേഖലയിലെ ഫലസ്തീനി തൊഴിലാളികളുടെ ഒഴിവ് നികത്താന്‍ ഇസ്രായേല്‍ ഇന്ത്യന്‍ തൊഴിലാളികളെ ആശ്രയിക്കുന്നു. ഫലസ്തീനി തൊഴിലാളികളെ മാറ്റിനിര്‍ത്തുന്നതോടെ ഒന്നരലക്ഷത്തോളം ഒഴിവുകളാണ് ഇസ്രായേലില്‍ വരിക. ഇത് നികത്താനായി 10,000 തൊഴിലാളികളെ എത്രയും വേഗം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഇസ്രയേല്‍ സംഘം അടുത്തയാഴ്ച ഇന്ത്യയില്‍ എത്തും.

ഇസ്രയേല്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഇസഹാക്ക് ഗുര്‍വിറ്റ്‌സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയത്. അസോസിയേഷന്‍ സിഇഒ ഇഗാല്‍ സ്ലോവിക്കിന്റെ സംഘമാണ് അടുത്തയാഴ്ചയെത്തുന്നത്. ഇവര്‍ക്കൊപ്പം ഇസ്രയേല്‍ ഭവന നിര്‍മാണ മന്ത്രാലയത്തിന്റെ ഡയറക്റ്റര്‍ ജനറര്‍ യെഹൂദ മോര്‍ഗന്‍സ്റ്റേണുമുണ്ടാകും. ആദ്യഘട്ടത്തില്‍ 10,000 പേരെയാണ് തെരഞ്ഞെടുക്കുന്നത്. ഇരു സര്‍ക്കാരുകളുടെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇത് 30,0000 വരെയാകും. ഡല്‍ഹിയിലും ചെന്നൈയിലുമായി 27നാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ തുടങ്ങുന്നത്. പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടിവരും.

ഇസ്രായേലിലെ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികളില്‍ നാലിലൊന്ന് പലസ്തീനില്‍ നിന്നുള്ളവരായിരുന്നു. ഇവരെ എല്ലാ തൊഴില്‍മേഖലകളില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്.

നിലവില്‍ 7000ലേറെ ചൈനീസ് പൗരന്മാരും കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള 6000 തൊഴിലാളികളും ഇസ്രയേലിലുണ്ട്.നിലവില്‍ 18000 ഇന്ത്യക്കാരാണ് ഇസ്രയേലില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ ഭൂരിപക്ഷവും വയോധിക പരിചരണ മേഖലയിലാണ്.