ഗവര്‍ണറെ തിരിച്ചുവളിക്കാന്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി
|
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നില്ലെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നുവെന്നുും രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് കത്തിലെ വിമര്‍ശനം. ഗവര്‍ണറുടെ നിലപാടുകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ബില്ലുകള്‍ ഒപ്പിടാതെ ദീര്‍ഘകാലം പിടിച്ചുവയ്ക്കുന്നുവെന്നും കത്തിലുണ്ട്. സര്‍ക്കാരിന്റെ സുഗമമായ ഭരണ നിര്‍വഹണത്തിന് രാഷട്രപതി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കൊമ്പുകോര്‍ക്കലിനിടെയാണ് ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടത്. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകുന്നതും സര്‍വകലാശാലകളിലെ നിയമനവും അടക്കമുള്ളവ സുപ്രീം കോടതിയില്‍വരെ എത്തിയിരുന്നു. അതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തിയതോടെ പ്രശ്നങ്ങള്‍ വീണ്ടും വഷളായി
കഴിഞ്ഞദിവസം കോഴിക്കോട് എത്തിയ ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘിച്ച് മിഠായി തെരുവില്‍ എത്തിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇത് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുളള ശ്രമമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.





