29
Jan 2024
Mon
29 Jan 2024 Mon

കൊച്ചി: ഫുട്‌ബോള്‍ കളിക്കിടെ അടുത്ത വീട്ടുവളപ്പിലേക്ക് പോയ പന്തെടുക്കാന്‍ ചെന്ന പത്ത് വയസുകാരന്റെ കാല് അയല്‍വാസി തല്ലിയൊടിച്ചതായി പരാതി. പൂണിത്തുറ സ്വദേശി അനില്‍കുമാറിന്റെ മകന്‍ നവീനാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെ പന്ത് അയല്‍വാസിയായ ബാലന്‍ എന്നയാളുടെ വീട്ടിലേക്ക് തെറിച്ചു പോയെന്നും ഇത് എടുക്കാന്‍ ചെന്നപ്പോള്‍ പൈപ്പ് കൊണ്ട് കാല്‍ തല്ലിയൊടിച്ചെന്നാണ് പരാതി. കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. കൂട്ടുകാരൊത്തു വീടിനടുത്ത പറമ്പില്‍ കളിക്കുന്നതിനിടെ പന്ത് സമീപത്തെ വീട്ടുവളപ്പിലേക്കു തെറിച്ചു വീണു. എടുക്കാന്‍ ചെന്ന നവീനെ വീട്ടുടമ ബാലന്‍ പട്ടിക കൊണ്ടു മുതുകിലും കാലിലും അടിച്ചു. അടിയേറ്റ നവീന്‍ കരഞ്ഞുകൊണ്ട് ഓടി. മറ്റു കുട്ടികളും പേടിച്ച് ഓടിപ്പോയി. തുടര്‍ന്ന് വീട്ടിലെത്തി നവീന്‍ മാതാപിതാക്കളോടു വിവരം പറഞ്ഞു. ഉടന്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടി. കാലിന്റെ എല്ലിന് 2 പൊട്ടല്‍ ഉള്ളതായി എക്‌സ്‌റേയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ മരട് പൊലീസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കുട്ടി മതില്‍ ചാടിയപ്പോഴുള്ള പൊട്ടലാണെന്നാണ് പൊലീസ് പറയുന്നത്. അയല്‍വാസിയുടെ കൈയില്‍ പൈപ്പ് ഉണ്ടായിരുന്നെന്നും എന്നാല്‍ കുട്ടിയെ അടിച്ചോ എന്ന് വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ എന്നും പൊലീസ് പറയുന്നു. പരാതിയില്‍ അയല്‍വാസിയായ ബാലനെതിരെ പൊലീസ് കേസെടുത്തു.