02
Jan 2024
Sat
02 Jan 2024 Sat

ഇത് ഹിന്ദു ആചാരപ്രകാരമല്ല; അതിനാല്‍ അയോധ്യയിലേക്കില്ലെന്നും പുരി ഗോവര്‍ധന്‍ പീഠം ശങ്കരാചാര്യ നിശ്ചലാനന്ദ സരസ്വതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി പള്ളി നിലനിന്ന സ്ഥാനത്തുള്ള രാമക്ഷേത്രത്തില്‍ 22ന് നടക്കുന്ന വിഗ്രഹപ്രതിഷ്ഠ ഹിന്ദു ആചാരപ്രകാരമല്ല നടക്കുന്നതെന്നും അതിനാല്‍ അയോധ്യയിലേക്കില്ലെന്നും പുരി ഗോവര്‍ധന്‍ പീഠം ശങ്കരാചാര്യ നിശ്ചലാനന്ദ സരസ്വതി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ജ്യോതിഷ് പീഠ മഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദയും ഋഷികേശിലെ സ്വാമി ദയാശങ്കര്‍ ദാസും നേരത്തേ രംഗത്തുവന്നിരുന്നു. പുരി ഗോവര്‍ധന്‍ പീഠം ശങ്കരാചാര്യയും രംഗത്തുവന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഗ്രഹപ്രതിഷ്ഠ നടത്തുന്നതുകണ്ട് കൈയടിക്കാന്‍ താന്‍ പോകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശങ്കരാചാര്യ പീഠങ്ങളുടെ മാര്‍ഗനിര്‍ദേശമോ ഉപദേശമോ തേടാതെയാണ് ചടങ്ങെന്നും നിശ്ചലാനന്ദ വ്യക്തമാക്കി. ക്ഷണമുണ്ട്. എന്നാല്‍, ആ ദിവസം അങ്ങോട്ടില്ല. പ്രധാനമന്ത്രി മോദി പ്രതിഷ്ഠ നടത്തുമ്പോള്‍ ശങ്കരാചാര്യ എന്നനിലയില്‍ അവിടെ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും നിശ്ചലാനന്ദ പറഞ്ഞു.

അതേസമയം, രാമക്ഷേത്രത്തില്‍ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്തെത്തി. പഴയ വിഗ്രഹത്തിന്റെ ഇരിപ്പിടത്തെച്ചൊല്ലിയായിരുന്നു ഇത്രയും കാലം തര്‍ക്കം. ഇപ്പോള്‍ പുതിയ വിഗ്രഹം കൊണ്ടുവരുന്നു. പഴയ വിഗ്രഹം എവിടെയാണെന്ന് അദ്ദേഹം ഇന്‍ഡോറില്‍ മാധ്യമങ്ങളോട് ചോദിച്ചു.