ആരാകും ‘അമ്മ’യുടെ പുതിയ ജനറല്‍ സെക്രട്ടറി? താര സംഘടനയുടെ വാര്‍ഷിക പൊതുയോഗം ഇന്ന്; മറ്റ് അജണ്ടകള്‍ ഇവയാണ്
|
കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി അടക്കമുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുക്കാന്‍ നിര്‍ണായക വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍. അധ്യക്ഷനായി മോഹന്‍ലാല്‍ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. കാല്‍നൂറ്റാണ്ടായി തുടര്‍ന്നിരുന്ന ജനറല്‍ സെക്രട്ടറി പദവി ഇടവേള ബാബു ഒഴിഞ്ഞിരുന്നു. എന്നിലധികം പേര്‍ മത്സരരംഗത്തുള്ളതിനാല്‍ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും. ട്രഷറര്‍ സ്ഥാനത്തേയ്ക്ക് നേരത്തെ ഉണ്ണി മുകന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പുതിയ മുഖങ്ങള്‍ വരട്ടെയെന്ന നിലപാട് ചൂണ്ടിക്കാണിച്ചാണ് ഇടവേള ബാബു ജനറല്‍ സെക്രട്ടറി പദവി ഒഴിഞ്ഞത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുതിര്‍ന്ന നടന്‍ സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. നടന്‍ ജഗദീഷും ജയന്‍ ചേര്‍ത്തലയും മഞ്ജു പിള്ളയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജും മത്സരിക്കും. ആകെ ഭാരവാഹികളില്‍ നാല് പേര്‍ വനിതകളായിരിക്കണമെന്നാണ് സംഘടനയുടെ ഭരണഘടന.
നിലവില്‍ സംഘടനയുടെ ഖജാന്‍ജിയാണ് സിദ്ധിഖ്. നാല് തവണ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു കുക്കു പരമേശ്വരന്‍. ഉണ്ണി ശിവപാല്‍ 2018 – 21 കാലത്ത് എക്‌സിക്യൂട്ടീസ് കമ്മിറ്റിയംഗമായിരുന്നു.
11 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് 12 പേര്‍ മത്സര രംഗത്തുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, രമേഷ് പിഷാരടി, ടിനി ടോം, അന്‍സിബ ഹസന്‍, അനന്യ, സരയൂമോഹന്‍, ജോയ് മാത്യു, ഡോ. റോണി ഡേവിഡ്, വിനു മോഹന്‍ എന്നിവരാണവര്‍. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ തെരഞ്ഞെടുപ്പ് ഫലം വന്നശേഷമാകും ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ അവസാനഘട്ട നീക്കുപോക്കുകള്‍ നടക്കുക.
506 അംഗങ്ങളാണ് അമ്മയിലുള്ളത്. 3 വര്‍ഷത്തിലൊരിക്കലുള്ള തെരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നത്.


