ദോഹ: ഏജന്റിന്റെ ചതിയില്‍പ്പെട്ട് മയക്കുമരുന്ന് കെണിയില്‍ കുരുങ്ങി ജയിലിലായ എറണാകുളം സ്വദേശി ഖത്തറില്‍ മരിച്ചു. എടപ്പള്ളി വാട്ടേക്കുന്നം നാഗപ്പറമ്പില്‍ പരേതനായ മുഹമ്മദ് അലിയുടെ മകന്‍ ഷമീര്‍ (48) ആണ് മരിച്ചത്. ( A Malayali died in Qatar after being caught in the agent’s drug trap )
|
മയക്കു മരുന്ന് കേസില്‍ തടവു ശിക്ഷ അനുഭവിക്കവെ അര്‍ബുദബാധിതനായ ഷമീര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ റമദാനില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പൊതുമാപ്പില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, രോഗബാധ കാരണം നാട്ടിലേക്ക് പോകാനായില്ല.
2022 ജൂലൈയിലാണ് എറണാകുളത്ത് നിന്നുള്ള ഏജന്‍സി നല്‍കിയ വിസ വഴി ഷമീര്‍ ഖത്തറിലെത്തിയത്. ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് ഡ്രൈവവര്‍ ജോലി ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് വിസ നല്‍കിയത്. ദുബൈ വഴിയായിരുന്നു ഖത്തര്‍ യാത്ര. കൊച്ചിയില്‍ നിന്നു ദുബയിലെത്തിയപ്പോള്‍ ഖത്തറിലെ സ്‌പോണ്‍സറിനുള്ള സമ്മാനമെന്ന് പറഞ്ഞ് ഏജന്റ് ഒരു പൊതി നല്‍കുകയായിരുന്നു. ദോഹ വിമാനത്താവളത്തില്‍ നടത്തയ പരിശോധനയില്‍ ഷമീര്‍ മയക്കുമരുന്നുമായി പിടിയിലായി.
തടവു ശിക്ഷ അനുഭവിക്കവെയാണ് അര്‍ബുദ ബാധ കണ്ടെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഗുരുതരമായതോടെ ഇന്ത്യന്‍ എംബസിയും സാമൂഹ്യ പ്രവര്‍ത്തകരും ഇടപെട്ട് ഭാര്യയെയും മകനെയും ദോഹയിലെത്തിച്ചിരുന്നു.
ജാസ്മിനാണ് ഭാര്യ. മക്കള്‍: സാദിഖ്, സുമയ്യ, സയ്യദ്. സഹോദരങ്ങള്‍: സലീം, ദിലീപ്, സകന. പരേതയായ ഫാത്തിമയാണ് മാതാവ്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.


