സ്ക്രാച്ച് ആന്‍ഡ് വിന് ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് ചെന്ത്രാപ്പിന്നി സ്വദേശിയില്‍ നിന്ന് വന്‍ തുക തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികളെ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് മുംബൈയില്‍ നിന്ന് പിടികൂടി. മുംബൈ സ്വദേശികളായ മുഹമ്മദ് ഹസ്സന് ഹാനിഫ് സെയ്ദ് (23), അന്‍സാരി മുഹമ്മദ് സിംബാദ് ഹൈദര്‍ (24) എന്നിവരാണ് പിടിയിലായത്.
|
2023 മാര്‍ച്ചിലാണ് തട്ടിപ്പ് നടന്നത്. നാപ്റ്റോള്‍ കമ്പനിയുടെ പേരില്‍ ലഭിച്ച പാര്‍സലിലെ ലക്കി ഡ്രോ സ്ക്രാച്ച് ആന്‍ഡ് വിന് കാര്‍ഡില്‍ ഒരു മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാറും 8,60,000 രൂപയും സമ്മാനമായി ലഭിച്ചതായി തട്ടിപ്പുകാര്‍ ചെന്ത്രാപ്പിന്നി സ്വദേശിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ സമ്മാനം കൈമാറുന്നതിനായി വ്യക്തിഗത രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച്, പ്രതികള്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ വാട്സാപ്പ് വഴി അയച്ചുകൊടുത്തു.
സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതികള്‍, കാറിന് പകരം 8,20,000 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്ന്, രജിസ്ട്രേഷന്, ജി.എസ്.ടി., ഇന്‍കം ടാക്സ്, ഗവണ്മെന്റ് പെര്മിഷന് എന്നിങ്ങനെയുള്ള വിവിധ ഫീസുകള്‍ പറഞ്ഞ് പല തവണകളായി പരാതിക്കാരനില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. തുക മുഴുവന്‍ സമ്മാനത്തിന്റെ പ്രോസസിങ് കഴിഞ്ഞാല്‍ തിരിച്ചു ലഭിക്കുമെന്നായിരുന്നു വിശ്വസിപ്പിച്ചത്. 2023 മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ 1,61,52,750 രൂപയാണ് ഈ രീതിയില്‍ ഇവര്‍ കൈക്കലാക്കിയത്.
രണ്ടു പ്രതികളും തട്ടിയെടുത്ത പണം വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായി കണ്ടെത്തി. പ്രതികള്‍ക്ക് വിവിധ ബാങ്കുകളിലായി 13 അക്കൗണ്ടുകളുണ്ട്. സുഹൃത്തുക്കളുടെ പേരിലും കമ്മീഷന് നല്കി അക്കൗണ്ട് തുറന്നിരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സൈബര്‍ പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.


