ലണ്ടന്‍: ബ്രിട്ടനില്‍ പ്രതീക്ഷിച്ചതിലും നേരത്തേ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്. ജൂലൈ 4 ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാസതിയായ ഡൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഋഷി സുനക് അറിയിച്ചു. (A UK election has been called for July 4. Here’s what to know )
|
14 വര്‍ഷമായി ഭരണത്തിലിരിക്കുന്ന കണ്‍സര്‍വേറ്റീവുകള്‍ കനത്ത പരാജയം നേരിടുമെന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. കോവിഡ് പാന്‍ഡെമിക്, ഫര്‍ലോ സ്‌കീം, യുക്രെയ്‌നിലെ യുദ്ധം എന്നിവയെക്കുറിച്ച് പരാമര്‍ശിച്ച ശേഷം ‘നിങ്ങള്‍ ആരെയാണ് വിശ്വസിക്കുന്നത്?’ എന്ന ചോദ്യമാണ് ഋഷി സുനക് പ്രധാനമായും പൊതുജനങ്ങളോട് ഉന്നയിച്ചത്. എന്‍എച്ച്എസ്, വിദ്യാഭ്യാസ മേഖല എന്നിവയില്‍ ഉള്‍പ്പെടെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ നടപ്പിലാക്കിയ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്ന് ഋഷി സുനക് പറഞ്ഞു.
അഭിപ്രായ വോട്ടെടുപ്പുകളില്‍ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി വളരെ മുന്നിലാണ്. പാര്‍ട്ടിക്കകത്ത് തന്നെ ഒറ്റപ്പെട്ടു നില്‍ക്കുകയാണ് ഋഷി സുനക്. ഏതാനും ഉപദേശകരുടെ സഹായത്തോടെ അദ്ദേഹം ഭരണം മുന്നോട്ടു നീക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് അധികാരത്തിലേറിയ സുനകിന് ഇനിയും തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യം കാത്തിരിക്കുന്ന നിമിഷമാണ് പൊതു തിരഞ്ഞെടുപ്പെന്ന് മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. സുനകിന്റെ കണ്‍സര്‍വേറ്റീവുകള്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥയ്ക്ക് അന്ത്യം കുറിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. മെയ് 3 ന് നടന്ന പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവാണ് ലേബര്‍ പാര്‍ട്ടി നടത്തിയത്. ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് എത്തിയത് ലിബറല്‍ ഡെമോക്രറ്റിക് പാര്‍ട്ടിയാണ്.
സാമ്പത്തികം, പ്രതിരോധം എന്നിവയാണ് ബ്രിട്ടനിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍. പണപ്പെരുപ്പ നിരക്കില്‍ വലിയ കുറവുണ്ടാക്കാനും പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കാനും കഴിഞ്ഞെങ്കിലും അഭിപ്രായ വോട്ടെടുപ്പുകളില്‍ 2021 അവസാനം മുതല്‍ 20 പോയിന്റ് പിറകിലാണ് സുനകിന്റെ പാര്‍ട്ടി. പണപ്പെരുപ്പ നിരക്കില്‍ മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 2.3 ശതമാനത്തില്‍ എത്തിയതായി ബുധനാഴ്ച്ച പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു. ഈ ആത്മവിശ്വാസത്തിലാണ് പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് കരുതുന്നത്. 2025 ജനുവരി 28നാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.


