22
Jan 2025
Fri
22 Jan 2025 Fri
Aadu ammayi

ഫാറൂഖാബാദിന്റെ സ്വന്തം ആട് അമ്മായി കൂടെപ്പിറപ്പുകളായ ആടുകളെ തനിച്ചാക്കി യാത്രയായി. നാട്ടുകാര്‍ സ്‌നേഹത്തോടെ ആട് അമ്മായി വിളിക്കുന്ന മക്കാട്ട് ഫാത്തിമ(പാത്തുമ്മക്കുട്ടിത്ത-80) ഇന്ന് പുലര്‍ച്ചെയാണ് ഹൃദയാഘാതം മൂലം മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫറൂഖ് കോളജിലെ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും പ്രിയങ്കരിയായിരുന്നു ആട് അമ്മായി. ദിവസം തുടങ്ങുന്നത് കോളജിന് സമീപമുള്ള സ്വീറ്റ് ഹോം എന്ന ഹോട്ടലില്‍ നിന്ന്. അവിടെ നിന്ന് ആടിന് വേണ്ട പഴത്തൊലികള്‍ ശേഖരിച്ച് ഒരു ചായയും കുടിച്ച് നേരെ പച്ചക്കറി ചന്തയിലേക്ക്.

ഉച്ചക്ക് 12 മണി ആവുമ്പോഴേക്കും പച്ചക്കറിയും പിണ്ണാക്കുമായി വീട്ടിലേക്ക് മടങ്ങും. കാലില്‍ ആണി രോഗമുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ആടുകള്‍ക്ക് തീറ്റി തേടിയുള്ള ഈ നടപ്പ്.

മടങ്ങി വരുമ്പോള്‍ വീട്ടില്‍ പാത്തുമ്മയെ കാത്ത് ആടുകള്‍ നില്‍പ്പുണ്ടാവും. കാണുമ്പോള്‍ തന്നെ ആടുകള്‍ സന്തോഷം പ്രകടിപ്പിച്ച് ശബ്ദമുണ്ടാക്കും

തുടക്കത്തില്‍ 30ല്‍ അധികം ആടുകളുണ്ടായിരുന്നു. എന്നാല്‍ മരിക്കുമ്പോള്‍ കേവലം അഞ്ചോ ആറോ ആടുകള്‍ മാത്രമാണ് കൂടെയുണ്ടായിരുന്നത്.

12ആം വയസ്സിലാണ് വിവാഹം കഴിഞ്ഞത്. പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ച അമ്മായിക്ക് സ്വന്തം മക്കളെപ്പോലെയാണ് ആടുകള്‍. ആടുകളെ പോലെ തന്നെ നിരവധി കോഴികളെയും അമ്മായി പോറ്റി വളര്‍ത്തിയിരുുന്നു.

ആടമ്മായിയുടെ ജീവിതത്തിന്റെ പകുതിയും ആടുകളോടൊപ്പമാണ്. ഉണരുന്നതും ഉറങ്ങുന്നതും ആടുകളോടൊപ്പം തന്നെ. പണി പാതിവഴിയായ വീട്ടിലാണ് ആടമ്മായിയുടെ താമസമെങ്കിലും തന്റെ ആടിനും കോഴികള്‍ക്കുമായി രണ്ട് കുടിലുകള്‍ ആട് അമമ്മായി ഉണ്ടാക്കിയിരുന്നത്.

മക്കാട്ട് ഫാത്തിമ എന്ന ആട് അമ്മായിക്ക് തന്റെ കുടുംബം ആടുകളാണ്. ഫാറൂഖാബാദിലൂടെ കാണുന്നവരോടൊക്കെ ചിരിച്ച് വയ്യാത്ത കാല് വച്ച് നടക്കുന്ന ആട് അമ്മായി ഇനിയില്ല. പ്രിയപ്പെട്ട ആടുകളെ തനിച്ചാക്കി അവര്‍ മടങ്ങി.