27
Jun 2025
Wed
27 Jun 2025 Wed
Aravind Kejriwal Rahul Gandhi

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ സഖ്യം വിടാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്നാണ് ആം ആദ്മി നിലപാട്. (Aam Aadmi Party leaves India alliance)  കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയില്‍ പോകുന്നതിനാല്‍ സഖ്യത്തില്‍ തുടരുന്നില്ലെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്ത കാലത്ത് നടന്ന ഡല്‍ഹി, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി തനിച്ചാണ് മല്‍സരിച്ചത്. ബിഹാര്‍ അടക്കമുള്ള ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഒറ്റയ്ക്ക് മല്‍സരിക്കുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്.

ALSO READ: അഡ്വ. കൃഷ്ണരാജിന്റെ നിയമനത്തില്‍ ലീഗ് വാദം പൊളിയുന്നു; നിയമനം പഞ്ചായത്തിന്റെ അറിവോടെ

ഇത് സംബന്ധമായി ആം ആദ്മി വക്താവ് അനുരാഗ് ദണ്ഡയുടെ ഒരു ട്വീറ്റ് പുറത്തുവന്നിട്ടുണ്ട്. മോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന പ്രസ്താവനകള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്ന് ട്വീറ്റില്‍ പറയുന്നു. പകരമാവട്ടെ രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും മോദി രക്ഷിച്ചെടുക്കുകയും ചെയ്യുന്നു. ഈ രൂപത്തില്‍ കോണ്‍ഗ്രസും ബിജെപിയും രഹസ്യ ധാരണയില്‍ പോകുന്നുവെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, യോഗത്തിന് ശേഷം സര്‍ക്കാരിന് നല്‍കാന്‍ തയ്യാറാക്കിയ എംപിമാര്‍ ഒപ്പിട്ട കത്തില്‍ ആം ആദ്മി പ്രതിനിധികള്‍ ഒപ്പിട്ടില്ല. സ്വന്തം നിലയില്‍ കത്ത് നല്‍കിക്കൊള്ളാം എന്നാണ് ആം ആദ്മി അറിയിച്ചത്.

ഇന്ത്യാ സഖ്യവുമായി മാസങ്ങളായി തുടരുന്ന ആം ആദ്മി പാര്‍ട്ടിയുടെ അകല്‍ച്ച പൂര്‍ണതയിലെത്തിയതായാണ് നേതാക്കള്‍ നല്‍കുന്ന സൂചന.