കോഴിക്കോട്: വിവാദങ്ങള്‍ മെക് സെവന്‍ വ്യായാമ കൂട്ടായ്മയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്തതായി അംഗങ്ങള്‍. (Mec7 growth accelerates after controversy) നിലവിലുള്ള സെന്ററുകളില്‍ വരുന്ന ആളുകളുടെ എണ്ണം കൂടിയതായും പുതിയ സ്ഥലങ്ങളില്‍ കേന്ദ്രം തുടങ്ങാന്‍ അന്വേഷണങ്ങള്‍ വരുന്നതായും മെക് സെവന്‍ അംഗങ്ങള്‍ പറയുന്നു.
|
‘ഈ സംഘടനയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെ അംഗങ്ങളുണ്ട്. സിപിഐഎം, കേരള കോണ്‍ഗ്രസ്, ഐഎന്‍ടിയുസി, മുസ്ലിം ലീഗ് തുടങ്ങി നിരവധി സംഘടനകളിലെ അംഗങ്ങളും നേതാക്കളുമൊക്കെ മെക് സെവനില്‍ സജീവമാണ്. ഇപ്പോള്‍ ഒരുപാട് അന്വേഷണങ്ങള്‍ വരുന്നുണ്ട്. മാത്രമല്ല, ആളുകള്‍ വര്‍ധിക്കുകയുമാണ്. ഇവിടെയുള്ള ആളുകള്‍ ഇപ്പോള്‍ ആശുപത്രിയില്‍ പോകാറേയില്ല’-സംഘത്തിലെ അംഗങ്ങള്‍ പറഞ്ഞു.
മെക് സെവനില്‍ വിധ്വംസക ശക്തികള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതും അവരുടെ പൂര്‍വ്വ കാല പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതും പരിഗണിക്കുമെന്നും കോഴിക്കോട് ബീച്ചില്‍ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നവര്‍ പറഞ്ഞു.
അതേസമയം, മെക് സെവനെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മെക് സെവനെതിരെ സിപിഐഎം വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകള്‍ വഴി തിരിച്ചു വിടരുതെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
വ്യായാമമുറ ശീലിക്കുന്നത് രോഗമുക്തിക്ക് നല്ലതാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും പി മോഹനന്‍ പറഞ്ഞു. പൊതു വേദികളില്‍ ജമാഅത്തെ ഇസ്ലാമി, സംഘപരിവാര്‍, പോപ്പുലര്‍ ഫ്രണ്ട് എന്നിവര്‍ നുഴഞ്ഞു കയറുന്നു. ഗൂഢ അജണ്ടയ്ക്ക് അത്തരം വേദികള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു പി മോഹനന്റെ വിശദീകരണം.
മലബാറില്‍ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ആണെന്നായിരുന്നു പി മോഹനന്‍ നേരത്തേ പറഞ്ഞിരുന്നത്. പിന്നാലെ ഇത് ഏറ്റെടുത്ത് ചില മാധ്യമങ്ങളും കാന്തപുരം സുന്നീ വിഭാഗത്തിലെ ചില നേതാക്കളും രംഗത്തെത്തി. മെക് സെവനുമായി ബന്ധപ്പെട്ട പ്രസ്ഥാവനകള്‍ തിരിച്ചടി ആകുമോയെന്ന ആശയക്കുഴപ്പം സിപിഐഎമ്മിന് അകത്തുള്ളതിനാല്‍ പ്രതികരിക്കാന്‍ പാര്‍ട്ടി തയാറായിരുന്നില്ല. സിപിഐഎം ജില്ലാ സെക്രട്ടറിയെ തള്ളി മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലും രംഗത്തെത്തിയിരുന്നു.
വിവാദങ്ങള്‍ക്ക് പിന്നാലെ മെക് സെവന് പിന്നില്‍ ആരെന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര എജന്‍സിയായ എന്‍ഐഎ എത്തുന്നുവെന്ന വാര്‍ത്തകളും വന്നിരുന്നു.


