24
Jan 2025
Sat
24 Jan 2025 Sat
Abhimanyu murder case

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ ഒന്‍പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. (Abhimanyu murder: High Court orders trial to be completed within 9 months) അഭിമന്യുവിന്റെ അമ്മ ഭൂപതി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വിചാരണ പൂര്‍ത്തിയാക്കാന്‍ 9 മാസം സാവകാശം വേണമെന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയായ അര്‍ജ്ജുനെ അക്രമി സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് തര്‍ക്കത്തെ തുടന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം.

ALSO READ: ബഹ്‌റൈനില്‍ കോടികളുടെ തട്ടിപ്പ് നടത്തി മലയാളി അക്കൗണ്ടന്റുമാര്‍ മുങ്ങി; വഞ്ചിക്കപ്പെട്ടത് തിരുവനന്തപുരം സ്വദേശിയുടെ കമ്പനി

കേസിലെ പതിനാറ് പ്രതികള്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഹല്‍ ഹംസയാണ് കേസിലെ പ്രധാന പ്രതി.

4 കേസുകളിലുമായി 16 പ്രതികളാണ് ഉള്ളത്. കേസിലെ എല്ലാ പ്രതികളും ഇതിനകം അറസ്റ്റിലായി. 2018 സെപ്തംബര്‍ 26 ന് കുറ്റപത്രം സമര്‍പ്പിച്ച കേസിലെ വിചാരണ പല കാരണങ്ങളാല്‍ വൈകുകയായിരുന്നു.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്. പ്രതിഭാഗത്തിന്റെ അഭ്യര്‍ഥനപ്രകാരം വിചാരണ പലതവണ മാറ്റിവച്ചിരുന്നു. വിചാരണ കഴിഞ്ഞവര്‍ഷം അവസാനം ആരംഭിക്കാനിരിക്കെ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകള്‍ വിചാരണക്കോടതിയില്‍നിന്ന് നഷ്ടപ്പെട്ടത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം, പ്രോസിക്യൂഷന്റെ നേതൃത്വത്തില്‍ പുനര്‍സൃഷ്ടിച്ച രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

26 പ്രതികളും 125 സാക്ഷികളുമാണ് കേസില്‍ ഉള്ളത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളില്‍ അഭിമന്യു കൊലക്കേസും ഉള്‍പ്പെടുത്തിയിരുന്നു.

ALSO WATCH