28
Sep 2023
Tue
28 Sep 2023 Tue

EDക്ക് മുന്നില്‍ മൊയ്തീന്‍ ഇന്നും ഹാജരാകില്ല; ഹാജരായാല്‍ അറസ്റ്റ് ഉറപ്പ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍, മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി.മൊയ്തീന്‍ ഇന്നു ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നില്‍ ഹാജരാകില്ല. നിയമസഭാ സാമാജികര്‍ക്കായി നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ്, കുന്നംകുളം എംഎല്‍എ കൂടിയായ മൊയ്തീന്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അസൗകര്യം അറിയിച്ചത്. ഇ മെയില്‍ മുഖേനയാണ് മൊയ്തീന്‍ ഇക്കാര്യം ഇ.ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇന്നും നാളെയും ഹാജരാകാന്‍ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ എസി മെയ്തീന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനാണ് എസി മൊയ്തീന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

അതിനിടെ, എ.സി.മൊയ്തീന്‍ ഇന്നു പുലര്‍ച്ചെ തിരുവനന്തപുരത്തെത്തി. ചോദ്യം ചെയ്യലിന് ഇന്നു നേരിട്ടു ഹാജരാകാന്‍ കഴിയില്ലെന്ന് എ.സി.മൊയ്തീന്‍ അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ച സാഹചര്യത്തില്‍, അടുത്തദിവസം പുതിയ തീയതി നിശ്ചയിച്ചു ഇ.ഡി വീണ്ടും നോട്ടിസ് നല്‍കും. സാക്ഷികള്‍ക്കുള്ള നോട്ടിസാണ് ഇതുവരെ മൊയ്തീനു നല്‍കിയത്. അന്വേഷണത്തോടു സഹകരിച്ചില്ലെങ്കില്‍ മാത്രം ശക്തമായ നിലപാട് സ്വീകരിക്കാനാണു സാധ്യത.

തൃശ്ശൂരിലും എറണാകുളത്തുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡിന്റെ കൂടി പശ്ചാത്തലത്തിലാവും കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ ഇഡിയുടെ തുടര്‍നടപടികള്‍. എസി മെയ്തീന്റെ ബിനാമിയെന്ന് പറയപ്പെടുന്ന പി സന്തോഷ് കുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സന്തോഷ് കുമാറിന് അനധികൃതമായി ലോണ്‍ അനുവദിച്ചുവെന്ന് പറയപ്പെടുന്ന അയ്യന്തോള്‍, തൃശ്ശൂര്‍ സഹകരണ ബാങ്കുകളിലും ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു.