ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ രണ്ടു കൊലക്കേസ് പ്രതികള്‍ അതിവിദഗ്ധമായി തടവ് ചാടി. (Accused escaped from jail during Navaratri festival) ജയിലില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ രാമലീലക്കിടെ വേഷം കെട്ടിയ കുറ്റവാളികളാണ് സകലരുടെയും കണ്ണുവെട്ടിച്ച് മുങ്ങിയത്.
|
കൊലക്കേസ് പ്രതിയടക്കം രണ്ടുപേരാണ് ജയില്‍ ചാടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹരിദ്വാര്‍ ജില്ലാ ജയിലില്‍ സംഘടിപ്പിച്ച രാമലീലയില്‍ ജയിലിലെ തടവുകാരായിരുന്നു അഭിനേതാക്കള്‍. രാത്രി രാമലീല കഴിഞ്ഞപ്പോഴാണ് വാനരവേഷം കെട്ടിയ കൊലപാതകക്കേസ് പ്രതി ഉള്‍പ്പടെ രണ്ടുപേര്‍ ജയില്‍ ചാടിയതായി അധികൃതര്‍ മനസിലാക്കിയത്. വാനര വേഷത്തില്‍ സീതയെ തേടി നടക്കുന്ന റോളിലായിരുന്നു ഇരുവരും.
രാമലീലയ്ക്കിടെ ഇരുവരും ഓടിപ്പോകുന്നത് സുരക്ഷാ ഉദ്യോഗസ്ഥരടക്കം കണ്ടെങ്കിലും അഭിനയമെന്ന് കരുതി കാര്യമാക്കിയില്ല. രാമലീല കഴിഞ്ഞിട്ടും വാനരപ്പട മടങ്ങിയെത്താതായതോടെയാണ് പൊലീസിന് അബദ്ധം മനസ്സിലായത്.
ALSO READ: കോഴിക്കോട് യാത്രക്കാരന്‍ ട്രെയ്‌നില്‍ നിന്ന് വീണു മരിച്ചു; തള്ളിയിട്ടതെന്ന് സംശയം
ജയിലില്‍ അറ്റകുറ്റ പണികള്‍ക്കായി ഉപയോഗിക്കുന്ന ഏണി ഉപയോഗിച്ചാണ് പ്രതികള്‍ മതില്‍ ചാടിയത്. രക്ഷപ്പെട്ട തടവുകാരില്‍ ഒരാളായ പങ്കജിനെ കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്. രണ്ടാമനായ രാംകുമാര്‍ വിചാരണ തടവുകാരനാണ്.
പുലര്‍ച്ചെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്നും ഉടന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഹരിദ്വാര്‍ എസ്.പി പറഞ്ഞു. ജയില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് വിമര്‍ശിച്ചു.
സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിനും വകുപ്പുതല അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. പ്രതികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. വിഷയത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജയില്‍ ഡിഐജിക്കാണ് അന്വേഷണത്തിനുള്ള ചുമതല. അന്വേഷണത്തിന് നിരവധി ഉദ്യോഗസ്ഥർ അടങ്ങുന്ന ഒന്നിലധികം ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്.
അതേസമയം ബിജെപി ഭരണത്തില്‍ ഉത്തരാഖണ്ഡില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പ്രതിപക്ഷം പരിഹസിച്ചു.





