|
അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയുടെ ഇര ബൽകീസ് ബാനുവിന് ഐക്യദാർഢ്യം അറിയിച്ച് സംഘടിപ്പിക്കുന്ന യാത്ര തടഞ്ഞതിൽ കടുത്ത പ്രതികരണവുമായി മഗ്സാസെ അവാർഡ് ജേതാവ് ഡോ. സന്ദീപ് പാണ്ഡ്യെ.
നീതിനിഷേധിക്കപ്പെട്ട ബൽകീസിന് ഐക്യദാർഢ്യം അറിയിക്കാനാണ് ഞങ്ങൾ യാത്രനടത്തുന്നതെന്നും ഇത് ഗുജറാത്ത് സർക്കാരിന് എതിരല്ലെന്നും സന്ദീപ് പാണ്ഡ്യെ പറഞ്ഞു. ഞാനൊരു മതരഹിതനാണ്. പക്ഷേ ഹിന്ദുകുടുംബത്തിൽ ജനിച്ച ഒരു വ്യക്തിയെന്ന നിലയ്ക്ക് ഈ മനുഷ്യർ കളങ്കമായിട്ട് എനിക്ക് തോനുന്നു. ഞാൻ അങ്ങേയറ്റം ലജ്ജിക്കുന്നു. ഇതെല്ലാം സംഭവിക്കുന്നത് സത്യവും അഹിംസയും ഉയർത്തിപ്പിടിച്ച ഗാന്ധിയുടെ നാട്ടിലാണ്.
കൊലപാതകികളും ബലാത്സംഗികളുമായ കുറ്റവാളികളെ തുറന്നുവിടുന്നതും അതിനെ ആഘോഷിക്കുന്നതും അങ്ങേയറ്റം അനീതിയും വേദനിപ്പിക്കുന്നതുമായ കാര്യമാണ്. ബൽകീസ് ബാനുവിന് ഐക്യദാർഢ്യം അറിയിച്ച് ആക്ടിവിസ്റ്റുകൾ ഏതാനും കിലോമീറ്റർ നടക്കുന്നത് പോലും ഗുജറാത്ത് സർക്കാരിന് സഹിക്കുന്നില്ലെന്നും സന്ദീപ് പാണ്ഡ്യെ പറഞ്ഞു.
യാത്രയിൽ പങ്കെടുക്കാനെത്തിയ സന്ദീപ് പാണ്ഡ്യെ ഉൾപ്പെടെയുള്ള ഏഴുപേരെ ഗുജറാത്ത് പൊലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. നിതേഷ് ഗംഗാരമണി, തനുശ്രീ ഗംഗോപാദ്യായ്, ഹനീഫ് ഹാജി കലന്ദർ, നൂർജഹാൻ ദിവാൻ, കൗസർ അലി, ടി. ഗോപാൽ കൃഷ്ണ എന്നിവരാണ് കസ്റ്റഡിയിലായ മറ്റുള്ളവർ. പരിപാടിയിൽ പങ്കെടുക്കാനായി ഞായറാഴ്ച രാ്രത്രി 11 മണിയോടെ ഗോധ്ര റെയിൽവേ സ്റ്റേഷനിലിറങ്ങിയ ഇവരെ സ്റ്റേഷനിൽ വച്ച് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ എല്ലാവരെയും വിട്ടയച്ചു.
കസ്റ്റഡിയിൽ നിന്ന് മോചിതനായ ശേഷം രണ്ടുമണിക്കൂർ സമയം നിരാഹരമിരുന്നാണ് സന്ദീപ് പാണ്ഡ്യെ യാത്രയിൽ പങ്കെടുത്തത്. പദയാത്ര പിന്നിട്ട് ഒരുമണിക്കൂർ ആയപ്പോഴേക്കും യാത്ര പൊലിസ് തടഞ്ഞു. ഏതാനും സമയം കഴിഞ്ഞ് യാത്ര തുടരാനനുവദിച്ചു. യാത്രയുടെ തുടർദിവസങ്ങളിലും ഗുജറാത്ത് സർക്കാർ തടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് സംഘാടകർ പറഞ്ഞു.
അതേസമയം, 200 കിലോമീറ്റർ കാൽനടയാത്രയ്ക്ക് ഇന്നലെ ബൽകീസിന്റെ ജന്മനാടായ രൺധിക്പൂരിൽ തുടക്കമായി യാത്ര 200 കിലോമീറ്ററോറം കാൽനടയായി സഞ്ചരിച്ച് അടുത്തമാസം നാലിന് അഹമ്മദാബാദിൽ അവസാനിക്കും. ‘ബൽകീസ് ബാനുവിനോട് മാപ്പുചോദിക്കുന്നു’ എന്ന പേരിൽ ഹിന്ദു മുസ്ലിം ഏക്താ മഞ്ച് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.



