കോഴിക്കോട്: ഇടതുമുന്നണിയുടെ തോല്‍വിയുടെ കാരണം മുസ് ലിം പ്രീണനമാണെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വസ്തുതാവിരുദ്ധവും മതവിദ്വേഷം വളര്‍ത്തുന്നതുമാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
|
മുസ് ലിംകള്‍ കേരളത്തിലെ ജനസംഖ്യയുടെ 30 ശതമാനത്തോളം വരും. എന്നാല്‍, സര്‍ക്കാര്‍ സര്‍വിസിലോ ഇതര സാമൂഹികരാഷ്ട്രീയസാംസ്‌കാരിക മണ്ഡലങ്ങളിലോ അര്‍ഹമായ പ്രാതിനിധ്യം മുസ് ലിംകള്‍ക്ക് ലഭ്യമായിട്ടില്ല. എന്നിട്ടും, മാറിമാറി വന്ന ഭരണകൂടങ്ങളില്‍നിന്ന് മുസ് ലിംകള്‍ അനര്‍ഹമായി പലതും കൈപ്പറ്റുകയാണെന്ന പ്രചാരണം വര്‍ഷങ്ങളായി സംഘ്പരിവാര്‍ ഉന്നയിച്ചുപോരുന്നുണ്ട്. മദ്‌റസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ കൊടുക്കുന്നുണ്ടെന്ന കള്ളങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഈ ആഖ്യാനം പ്രചരിപ്പിക്കുന്നത്. എല്‍.ഡി.എഫ് യു.ഡി.എഫ് നേതൃത്വങ്ങളോ സര്‍ക്കാര്‍ പ്രതിനിധികളോ ഇത്തരം നുണപ്രചാരണങ്ങളെ ഖണ്ഡിക്കാന്‍ തയാറാകുന്നില്ലെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ശബരിമല പോലുള്ള ഹിന്ദുക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ എടുക്കുകയാണെന്ന കള്ളം വര്‍ഷങ്ങളോളം പ്രചരിപ്പിക്കപ്പെട്ടിരുന്നു. അടുത്തുമാത്രമാണ് അതു തെറ്റാണെന്നുപറയാന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ തയാറായത്. അപ്പോഴേക്കും അതു ഭൂരിപക്ഷം ജനങ്ങളിലും എത്തിക്കഴിഞ്ഞിരുന്നു. ഇതുപോലെത്തന്നെയായിരുന്നു ലൗജിഹാദ് ആരോപണവും. വെള്ളാപ്പള്ളിമാരും കാസ പോലുള്ള ക്രിസ്ത്യന്‍ വിദ്വേഷ സംഘടനകളും നിരന്തരമായി ഇത്തരം ആരോപണം ഉന്നയിച്ചിട്ടും അതിനെ തിരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
വെള്ളാപ്പള്ളി നടേശനല്ലാതെ ഇതര ഒ.ബി.സി നേതാക്കന്മാരോ ദലിത് നേതാക്കന്മാരോ ഇങ്ങനെ വിദ്വേഷ പ്രചാരണം നടത്തിയിട്ടില്ല. ഇത്തരം ഗുരുനിന്ദ നടത്തുന്ന വെള്ളാപ്പള്ളിയെ തിരുത്താന്‍ സമുദായത്തിനകത്തുനിന്നോ ഇടതുവലതു മുന്നണികളില്‍ നിന്നോ ആരും മുന്നോട്ടുവരുന്നില്ല. കേരളത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും ആഗ്രഹിക്കുന്നവര്‍ ഈ പ്രവണതയെ ഇല്ലാതാക്കാന്‍ മുന്നോട്ടുവരണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പി.കെ സുധീഷ്ബാബു (മാള ശ്രീനാരായണ ഗുരുധര്‍മ ട്രസ്റ്റ്), പി.പി രാജന്‍ (ശ്രീനാരായണ സേവാസംഘം), അഡ്വ. പി.ആര്‍ സുരേഷ് (അഖില കേരള എഴുത്തച്ഛന്‍ സമാജം), ആര്‍. രാജഗോപാല്‍ (എഡിറ്റര്‍അറ്റ് ലാര്‍ജ്, ടെലഗ്രാഫ്), സി.വി മോഹന്‍ കുമാര്‍ (ശ്രീനാരായണ ദര്‍ശനവേദി), ഫാദര്‍. ഡോ. വൈ.ടി വിനയരാജ്, ജെ. രഘു, ഡോ. അജയ് ശേഖര്‍ തുടങ്ങിയ അമ്പതോളം പേരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.





