04
Jun 2023
Sun
04 Jun 2023 Sun

തിരുവനന്തപുരം: പ്രശസ്ത മലയാള ചലച്ചിത്ര നടന്‍ പൂജപ്പുര രവി അന്തരിച്ചു. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ അദ്ദേഹം മറയൂരിലെ മകളുടെ വസതിയിലായിരുന്നു താമസം. എം.രവീന്ദ്രന്‍ നായരെന്നാണ് യഥാര്‍ഥ പേര്. നാടക നടന്‍ ആയിരിക്കെ കലാനിലയം കൃഷ്ണന്‍ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്. നാടകമേഖലയില്‍ ധാരാളം രവിമാര്‍ ഉള്ളതിനാല്‍ പൂജപ്പുര എന്ന സ്ഥലപ്പേരുകൂടി ചേര്‍ക്കുകയായിരുന്നു. വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വേലുത്തമ്പിപി ദളവയായിരുന്നു ആദ്യചിത്രം. 2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. കള്ളന്‍ കപ്പലില്‍തന്നെ, റൗഡി രാമു, ഓര്‍മകള്‍ മരിക്കുമോ?, അമ്മിണി അമ്മാവന്‍, മുത്താരംകുന്ന് പിഒ, പൂച്ചയ്‌ക്കൊരു മൂക്കുത്തി, ലൗ ഇന്‍ സിംഗപ്പൂര്‍, ആനയ്‌ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടന്‍ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ട്രാവന്‍കൂര്‍ ഇന്‍ഫന്‍ട്രിയിലും സൈനിക സ്‌കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവന്‍പിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളില്‍ മൂത്തയാളാണ് ജനനം. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തില്‍ അഭിനയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഭിനയ രംഗത്തോട് താത്പര്യമുണ്ടാകുന്നത്. പിന്നീട് ആകാശവാണി ബാലലോകം നാടകങ്ങളില്‍ സ്ഥിരം ശബ്ദസാന്നിധ്യമായി.പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്.എല്‍. പുരം സദാനന്ദന്റെ ‘ഒരാള്‍കൂടി കള്ളനായി’ എന്ന നാടകത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.

നാടകങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതോടെ സിനിമ ലക്ഷ്യമാക്കി അദ്ദേഹം മദ്രാസിലേക്ക് ട്രെയിന്‍ കയറി. വേലുത്തമ്പി ദളവ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ മുഖം കാണിച്ചു. സിനിമകളില്‍ അവസരങ്ങള്‍ ഇല്ലാതായതോടെ ഗണേഷ് ഇലക്ട്രിക്കല്‍സ് എന്ന കമ്പനിയില്‍ ജോലിക്കാരനായി ചേര്‍ന്നു. പിന്നീട് ജഗതി എന്‍.കെ. ആചാരിയുടെ നിര്‍ദേശപ്രകാരം അദ്ദേഹം തിരികെ തിരുവനന്തപുരത്ത് എത്തി കലാനിലയം നാടകവേദിയില്‍ നടനായി. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം കലാനിലയത്തിന്റെ അവിഭാജ്യ ഘടകമായി മാറി. കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ് തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 10 വര്‍ഷത്തോളം കലാനിലയത്തില്‍ നടനായി തുടര്‍ന്നു.

സിനിമയില്‍ വേഷങ്ങള്‍ കുറഞ്ഞതോടെ പിന്നീട് സീരിയലുകളിലേക്ക് തിരിഞ്ഞു. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ തങ്കമ്മ കലാനിലയത്തില്‍ നടി ആയിരുന്നു. മക്കള്‍: ലക്ഷ്മി, ഹരികുമാര്‍. സംസ്‌കാരം പിന്നീട് നടക്കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക