
നടൻ ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങൾ കണ്ടാൽ അതിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ‘എന്തോ ഒരു പന്തികേട്’ ഉള്ളതായി തോന്നാറുണ്ട്. ഈ രീതി മൂലം നടൻ വലിയ വിമർശനം ഏറ്റുവാങ്ങിയിട്ടുമുണ്ട്. എന്നാൽ തന്റെ സ്വഭാവ വ്യത്യാസത്തിന് കാരണം കൊറോണ വൈറസാണെന്നാണ് നടൻ പറയുന്നത്.
കൊറോണ വന്നതിന് ശേഷമാണ് ഇതൊക്കെ പ്രശ്നമായതെന്നും എല്ലാം വൈറസിന്റെ ആക്ടിവിറ്റികളാണെന്നും നടൻ പറയുന്നു. ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ‘കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്‌നമായത്. ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ഉളളിലെത്തുമ്പോൾ സ്വഭാവത്തിലും മാറ്റമുണ്ടാകും’- ഷൈൻ പറഞ്ഞു.
അതേസമയം, ‘ദസറ’യാണ് ഷൈൻ ടോം അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രം. നാനി നായകനാവുന്ന ചിത്രത്തിൽ വില്ലനായിട്ടാണ് ഷൈൻ ടോം ചാക്കോ എത്തുന്നത്. കീർത്തി സുരേഷാണ് നായിക. ചിത്രത്തിൽ സമുദ്രക്കനി, സായ്കുമാർ, ഷംന കാസിം എന്നിവരും മറ്റ് പ്രധാന അഭിനേതാക്കളാണ്.
നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് നവീൻ നൂലിയാണ്. ഇ4 എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്.