23
Sep 2022
Mon
23 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്ന ഓൺലൈൻ മാധ്യമ അവതാരകയുടെ പരാതിയിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് നടനെ അറസ്റ്റ് ചെയ്തത്. ആദ്യം ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് നടൻ അറിയിച്ചിരുന്നു. പിന്നീട് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

 

സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം ‘ചട്ടമ്പി’യുടെ പ്രൊമോഷന്റെ ഭാ​ഗമായി എത്തിയപ്പോഴാണ് നടൻ അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു.

 

അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ ആരോപിക്കുന്നു. നിർമാതാക്കളുടെ സംഘടനയ്ക്കും അവതാരക പരാതി നൽകിയിരുന്നു.

 

അതേസമയം, വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് ശ്രീനാഥ് ഭാസി രം​ഗത്തെത്തിയിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ആരോട് വേണമെങ്കിലും താന്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണെന്നും നടന്‍ വ്യക്തമാക്കി. അവതാരകരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. പരിപാടി നടക്കില്ലെന്ന് പറഞ്ഞാണ് താൻ എണീറ്റ് പോയത് എന്നും ആരേയും മാനസികമായി തളർത്തുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല എന്നും ശ്രീനാഥ് ഭാസി പ്രതികരിച്ചു.

 

അതേസമയം മാധ്യമപ്രവർത്തകയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ശ്രീനാഥ് ഭാസിക്കും സിനിമയുടെ നിർമാതാവിനും കത്തയക്കും. നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെടും. ഇതിനിടെ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും.

 

ശ്രീനാഥ് വിഷയം മുഖ്യ ചർച്ച നടത്തുമെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. ശ്രീനാഥിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം. നിലവിൽ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേംബർ നടപടിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പരാതി ലഭിച്ചിരിക്കുന്നത്.