സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ മുപ്പതോളം പേര്‍ക്കെതിരേ കേസെടുത്തു. (Actress Honey Rose complaint: Case filed against 30 people) ഒരു വ്യക്തി സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്നുള്ള ഹണിയുടെ പോസ്റ്റിന് പിന്നാലെയായിരുന്നു മോശം കമന്റുകള്‍ നിറഞ്ഞത്. ഇതോടെ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം താരം കൊച്ചി സിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
|
തന്റെ പിന്നാലെ നടന്ന് അപമാനിച്ചയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് താരം മുന്നറിയിപ്പ് നല്‍കിയിരുന്നു. പണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഏത് സ്ത്രീയേയും അപമാനിക്കാമെന്ന് കരുതരുതെന്നും അപമാനവും അധിക്ഷേപവും തുടര്‍ന്നാല്‍ നിയമനടപടിയെടുക്കുമെന്നും അവര്‍ പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രമുഖ ജ്വല്ലറി വ്യാപാരിയെ ലക്ഷ്യമിട്ടാണ് ഈ ആക്ഷേപമെന്നാണ് സൂചന.
ഹണിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറുന്നത് ഇങ്ങിനെയാണ്: ‘ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.
പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ, അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks ) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാന്‍ സാധിച്ചത്. ഞാന്‍ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നര്‍ത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തില്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല’- അവര്‍ എഴുതി.
ഈ പോസ്റ്റില്‍ നിരവധിപ്പേര്‍ മോശം കമന്റുകള്‍ ഇട്ടതോടെയാണ് പരാതി നല്‍കിയത്. പലരും വ്യാജ ഐഡിയില്‍ നിന്നാണ് കമന്റിട്ടതെന്നാണ് സൂചന. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.
എന്നാല്‍, തന്നെ പിന്തുടര്‍ന്ന് അപമാനിക്കുന്നുവെന്ന് പരാമര്‍ശിക്കപ്പെട്ട വ്യക്തിക്കെതിരേ ഹണി റോസ് പരാതി നല്‍കിയിട്ടില്ല. ദ്വയാര്‍ത്ഥ പ്രയോഗമായതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് കേസിന് പോകാത്തതെന്നാണ് അറിയുന്നത്.


