|
ദേശീയ സ്വതന്ത്ര മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ ഓഹരി വാങ്ങിക്കൂട്ടിയ അദാനിയുടെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ചു കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രണോയ് റോയും ഭാര്യ രാധികാ റോയും നേതൃത്വം നൽകുന്ന ന്യൂഡൽഹി ടെലിവിഷൻ (എൻഡിടിവി)യുടെ 29.18 ശതമാനം സ്വന്തമാക്കുന്നതായി കഴിഞ്ഞ ദിവസം അദാനി എന്റർ പ്രൈസ് കമ്പനി പ്രഖ്യാപിച്ചിരുന്നു. അദാനിയുടെ കമ്പനിയുടെ പേരോ ചാനലിന്റെ പേരോ സൂചിപ്പിക്കാതെയാണ് ഈ നടപടിക്കെതിരെ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ജയറാം രമേശ് പ്രതികരിച്ചത്.
രാജ്യത്തെ സ്വതന്ത്ര മാധ്യമപ്രവർത്തനം അടിച്ചമർത്താനുളള നീക്കമായി ഈ നടപടിയെ കാണണമെന്നദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സുഹൃത്തായ മുതലാളി രാജ്യത്തെ ഏറ്റവും സ്വതന്ത്ര മാധ്യമസ്ഥാപനം സ്വന്തമാക്കുന്നതിന്റെ പിന്നിൽ രാഷ്ട്രീയവും സാമ്പത്തികവുമായ താൽപ്പര്യമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം വിശദമാക്കി. മാധ്യമ സ്ഥാപനത്തിന് വായ്പ നൽകിയ കമ്പനി വാങ്ങി ആ സ്ഥാപനത്തെ സ്വന്തമാക്കാനുളള ഹീനനീക്കമാണ് അദാനി നടത്തുന്നതെന്നും ജയറാം രമേശ് ആരോപിച്ചു.
2009ൽ സാമ്പത്തിക സ്ഥാപനമായ വിശ്വപ്രധാന കൊമേഴ്‌സ്യൽ കമ്പനി എൻഡിവിക്ക് 403.35 കോടി രൂപ വായ്പ നൽകിയിരുന്നു. ആ കമ്പനി കഴിഞ്ഞ ദിവസം അദാനി സ്വന്തമാക്കുകയായിരുന്നു. ഇതോടെ നേരിട്ടല്ലാതെ എൻഡിടിവിയെ നിയന്ത്രിക്കാനുളള ശേഷിയാണ് അദാനിക്ക് ലഭിച്ചിരിക്കുന്നത്. വിശ്വപ്രധാൻ കമ്പനിയുമായി എൻഡിടിവി ഉണ്ടാക്കിയ വായ്പ ധാരണ പ്രകാരം കടം നൽകിയ തുക ഓഹരിയായി കണക്കാനാകും. ഈ പഴുതാണ് അദാനി കമ്പനി പ്രയോഗിച്ചത്.
അദാനി എന്റർപ്രൈസ് വിശ്വപ്രധാൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്വന്തമാക്കുന്നതോടെ സ്വാഭാവികമായും എൻഡിടിവിയുടെ 29.18 ശതമാനം അദാനിയുടേതാകും. എന്നാൽ ഓഹരി വാങ്ങുന്നത് സംമ്പന്ധിച്ച കത്ത് ലഭിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഉടമകളായ റോയ് ദമ്പദികൾ യാതൊരു ചർച്ചയും ആരുമായി നടത്തിയിട്ടില്ലെന്ന് പ്രണയ് റോയ് വ്യക്തമാക്കി.



