എഡിജിപി അജിത് കുമാറിനെതിരേ പി വി അൻവർ എംഎൽഎ ഉയർത്തിയ ഗുരുതര ആരോപണങ്ങളെക്കുറിച്ച് ഡിജിപി ഷെയ്ക് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. എഡിജിപി സ്ഥാനത്ത് അജിത് കുമാറിനെ നിലനിർത്തി തന്നെയാവും അന്വേഷണം നടത്തുക. ഐജി സ്പർജൻ കുമാർ, ഡിഐജി തോംസൺ ജോസ്, എസ്പി മധുസൂദൻ, എസ്പി ഷാനവാസ് എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റംഗങ്ങൾ. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തി ഒരു മാസത്തിനകം റിപോർട്ട് സമർപ്പിക്കും. മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്.
|
എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാതെയാണ് ഉന്നത തല സംഘം അന്വേഷണം നടത്തുക. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല. എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നു നീക്കുമെന്ന് നേരത്തേ റിപോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരുവർക്കുമെതിരേ നടപടി സ്വീകരിച്ചാൽ പ്രതിപക്ഷം ആയുധമാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മാത്രമായി നടപടി ചുരുക്കിയിരിക്കുന്നത്.
തിങ്കൾ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് മേധാവി ദർവേഷ് സാഹിബും തമ്മിൽ ആരംഭിച്ച ചർച്ച മണിക്കൂറുകളാണ് നീണ്ടത്. പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളെത്തുടർന്ന് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. കവടിയാർ കൊട്ടാരത്തിനു സമീപം എഡിജിപി അജിത് കുമാർ ആഡംബര വസതി പണിയുന്നതിന്റെ വിശദാംശങ്ങളടക്കം പുറത്തുവിട്ടുകൊണ്ടാണ് അൻവർ തന്റെ ആരോപണങ്ങളെ സാധൂകരിച്ചിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





